Sports News
വേള്‍ഡ് കപ്പ് നേടണമെങ്കില്‍ ഇന്ത്യ ആ തന്ത്രം ഉപയോഗിക്കണം; ഉപദേശവുമായി ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 01, 10:03 am
Saturday, 1st June 2024, 3:33 pm

ഇന്ന് നടക്കാനിരിക്കുന്ന ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഇന്ത്യന്‍ ടീം നേരത്തെ ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോ സ്റ്റേഡിയത്തില്‍ എത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിനൊപ്പം എത്തിയിട്ടുണ്ട്.

സന്തുലിതമായ സ്‌ക്വാഡായിട്ടാണ് ഇന്ത്യ ലോകകപ്പിലേക്ക് ചുവടുവെക്കുന്നത്. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ ഇന്ത്യക്ക് വിജയിക്കണമെങ്കില്‍ ചെയ്യേണ്ട ബൗളിങ് സ്റ്റാറ്റര്‍ജിയേക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ദൈനിക് ജാഗ്രന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞത് അടുത്ത മത്സരത്തില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസറേയും ടീമില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ്.

‘വെസ്റ്റ് ഇന്‍ഡീസില്‍, സന്തുലിതമായ ബൗളിങ് പ്രധാനമാണ്. മൂന്ന് സ്പിന്നര്‍മാരും രണ്ട് ഫാസ്റ്റ് ബൗളര്‍മാരുമുള്ള ഒരു ലൈനപ്പിനെ ഇന്ത്യയ്ക്ക് ഇറക്കാം, ഹാര്‍ദിക് പാണ്ഡ്യ ബാക്കപ്പ് ഫാസ്റ്റ് ഓപ്ഷനായി. ഇത് ഫലപ്രദമായ ടീം ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും,’ ഗവാസ്‌കര്‍ അവകാശപ്പെട്ടു.

നിലവില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരും രണ്ട് പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരും രണ്ട് റിസ്റ്റ് സ്പിന്നര്‍മാരും രണ്ട് ഇടംകൈ റിസ്റ്റ് സ്പിന്നിങ് ഓള്‍റൗണ്ടര്‍മാരുമടങ്ങന്ന ഓപ്ഷന്‍സാണ് ഇന്ത്യയ്ക്ക് ഉള്ളത്. ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

Content Highlight: Sunil Gavaskar Talking About Winning strategy For India