സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ ആധികാരികമായി വിജയം കൈപ്പിടിയിലൊതുക്കിയാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് കടന്നിരിക്കുന്നത്.
നവംബര്‍ പത്തിന് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
എന്നാല്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഇന്ത്യയുടെ നില പരിതാപകരമാകുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ സുനില്‍ ഗവാസ്‌കര്‍.
കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യ 150 റണ്‍സ് പോലും തികച്ച് നേടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
‘അവനാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതിയ മിസ്റ്റര്‍ 360 ഡിഗ്രി ബാറ്റര്‍. എല്ലാ തരം ഷോട്ടുകളും അവന്‍ അനായാസം കളിക്കുന്നവനാണ്. അവന്‍ ഷോട്ടുകളടിക്കുന്ന രീതി തന്നെയാണ് എതിരാളികള്‍ക്ക് മുമ്പില്‍ അവനെ അപകടകാരിയാക്കുന്നത്.
ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്ന ടോട്ടലിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിക്കാന്‍ സാധിക്കുന്ന താരമായി അവന്‍ ഇതിനോടകം തന്നെ മാറിയിരിക്കുകയാണ്.
സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ റണ്‍സ് നേടിയില്ലെങ്കില്‍ ഇന്ത്യ 150 റണ്‍സ് പോലും കടക്കില്ലായിരുന്നു,’ ഗവാസ്‌കര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂര്യകുമാറിന്റെ ഇന്നിങ്‌സിന്റെ ബലത്തിലായിരുന്നു ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. സൂര്യകുമാറിന് പുറമെ അര്‍ധ സെഞ്ച്വറി തികച്ച കെ.എല്‍. രാഹുലിന്റെ ഇന്നിങ്‌സും ഇന്ത്യക്ക് തുണയായി.