ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. അഞ്ചാം ദിവസവും വില്ലനായി മഴയെത്തിയതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തി ലീഡ് സ്വന്തമാക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 89 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 275 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോഴാണ് മഴയെത്തിയതും മത്സരം സമനിലയില്‍ അവസാനിച്ചതും.
സ്‌കോര്‍
ഓസ്‌ട്രേലിയ: 445 & 89/7
ഇന്ത്യ: 260 & 8/0 (T: 275)
One final shower forces an early end to the Brisbane Test 🌧
ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും റിഷബ് പന്തും യശസ്വി ജെയ്‌സ്വാളും തുടങ്ങി സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ ഇന്ത്യയുടെ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ടോപ് ഓര്‍ഡറില്‍ കെ.എല്‍. രാഹുലും മിഡില്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയും ചെറുത്തുനിന്നു. ഒപ്പം വാലറ്റത്ത് ബുംറയും ആകാശ് ദീപും ചേര്‍ന്ന് ഇന്ത്യയെ ഫോളോ ഓണിന് അയക്കാമെന്ന ഓസീസിന്റെ പ്രതീക്ഷകളും തല്ലിക്കെടുത്തി.
139 പന്തില്‍ 84 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ നേരത്തെ തന്നെ രാഹുലിനെ പുറത്താക്കാന്‍ ഓസ്‌ട്രേലിയക്ക് അവസരമുണ്ടായിരുന്നു. 33 റണ്‍സ് മാത്രം നേടി നില്‍ക്കവെ സ്റ്റീവ് സ്മിത്ത് രാഹുലിനെ കൈവിട്ടുകളയുകയായിരുന്നു.
ജീവന്‍ തിരിച്ചുകിട്ടയ രാഹുല്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്ത് ഇന്ത്യയെ പരാജയത്തില്‍ നിന്നും കരകയറ്റി.
ഗാബ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെ സ്റ്റീവ് സ്മിത്തിനെ വിമര്‍ശിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും മുന്‍ ഓസീസ് സൂപ്പര്‍ താരം മാത്യു ഹെയ്ഡനും. രാഹുലിന്റെ ക്യാച്ച് കൈവിട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഓസ്‌ട്രേലിയ വിജയിക്കുമെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്.
‘സ്റ്റീവ്, നീ കൈവിട്ടുകളഞ്ഞത് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയാണ്. ഇന്ത്യയെ നേരത്തെ തന്നെ പുറത്താക്കാന്‍ ഓസ്‌ട്രേലിയക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ആ ക്യാച്ച് കൈവിട്ടത് വലിയ തിരിച്ചടിയായി,’ ഗവാസ്‌കര്‍ പറഞ്ഞു.
‘ഇത് വളരെ വലിയൊരു തെറ്റായിരുന്നു. രാഹുല്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുക മാത്രമല്ല, നൂറോളം പന്തുകള്‍ കളിക്കുകയും ചെയ്തു. അതൊരു എളുപ്പമുള്ള അവസരമായിരുന്നു, എന്നാല്‍ സ്മിത്ത് അത് ഇല്ലാതാക്കി,’ എന്നായിരുന്നു ഹെയ്ഡന്റെ വിമര്‍ശനം.
രണ്ട് ടെസ്റ്റുകളാണ് ഇനി പരമ്പരയില്‍ അവശേഷിക്കുന്നത്. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ വേദിയാകുമ്പോള്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട അവസാന ടെസ്റ്റിന് സിഡ്‌നിയും വേദിയാകും.
Content Highlight: Sunil Gavaskar and Mathew Hayden slams Steve Smith for dropping KL Rahul’s catch