Sports News
കിങ് ഈസ് ബാക്ക്! അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചു വരാനൊരുങ്ങി ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 07, 09:21 am
Friday, 7th March 2025, 2:51 pm

 

അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചുവരാനൊരുങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി. ഈ മാസം തുടങ്ങാനിരിക്കുന്ന ഫിഫ സൗഹൃദ മത്സരത്തിലൂടെയാണ് നാല്പതുകാരന്‍ തിരിച്ചെത്തുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് താരത്തിന്റെ മടങ്ങിവരവിനെ കുറിച്ച് അറിയിച്ചത്.

‘സുനില്‍ ഛേത്രി തിരിച്ചെത്തി. മാര്‍ച്ചില്‍ ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയ്ക്കായി ഇന്ത്യന്‍ ദേശീയ ടീമിലേക്ക് ക്യാപ്റ്റനും ഇതിഹാസവുമായ സുനില്‍ ഛേത്രി തിരിച്ചെത്തും,’ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സ് ഹാന്‍ഡിലില്‍ എഴുതി.

ഛേത്രി കഴിഞ്ഞ വര്‍ഷം ജൂണിലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായും ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ ഫുട്‌ബോളറായാണ് താരം കളം വിട്ടത്.

2005 ല്‍ അന്താരാഷ്ട്ര ഫുട്ബാളില്‍ അരങ്ങേറിയ സുനില്‍ ഛേത്രി ഇന്ത്യക്കായി 94 അന്താരാഷ്ട്ര ഗോളുകള്‍ നേടിയുണ്ട്. 151 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. ഇത് അദ്ദേഹത്തെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ എക്കാലത്തെയെയും ഗോള്‍ വേട്ടക്കാരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (135), ലയണല്‍ മെസ്സി(112), അലി ദായിയ്ക്ക് (108) എന്നിവര്‍ക്ക് പിറകില്‍ നാലാമത് എത്തിച്ചിരുന്നു.

സുനില്‍ ഛേത്രിയുടെ വിരമിക്കല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ വലിയ ശൂന്യത സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷം കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. കഴിഞ്ഞ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ ഒരു വിജയവുമില്ലാതെ ഇന്ത്യക്ക് വര്‍ഷം അവസാനിപ്പിക്കേണ്ടിയും വന്നു. 10 വര്‍ഷത്തിനിടെ ആദ്യമായിരുന്നു ഇത്തരമൊരു മോശം പ്രകടനം ഇന്ത്യക്കുണ്ടായത്.

ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതിഹാസ താരത്തെ ടീമിലേക്ക് തിരിച്ച് വിളിച്ചത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ തിരിച്ചുവരിനെ കുറിച്ച് പ്രഖ്യാപനം വന്നയുടനെ, മുഖ്യ പരിശീലകന്‍ മാര്‍ക്വേസ് സൗഹൃദ മത്സരത്തിനും ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിനുമുള്ള 26 അംഗ ടീമില്‍ ഛേത്രിയെ ഉള്‍പ്പെടുത്തിയതായി എഐഎഫ്എഫ് അറിയിച്ചു.

‘ഏഷ്യന്‍ കപ്പിനുള്ള യോഗ്യത ഞങ്ങള്‍ക്ക് വളരെ നിര്‍ണായകമാണ്. ടൂര്‍ണമെന്റിന്റെയും വരാനിരിക്കുന്ന മത്സരങ്ങളുടെയും പ്രാധാന്യം കണക്കിലെടുത്ത്, ദേശീയ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി തിരിച്ചുവരവ് നടത്തുന്നതിനെക്കുറിച്ച് ഞാന്‍ സുനില്‍ ഛേത്രിയുമായി ചര്‍ച്ച ചെയ്തു. അദ്ദേഹം സമ്മതിച്ചു, അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ മാര്‍ക്വേസ് പറഞ്ഞു.

ഫെബ്രുവരി 19 ന് മാലി ദ്വീപുമായും മാര്‍ച്ച് 25 ന് ബംഗ്ലാദേശുമായുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഷില്ലോങ്ങിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും നടക്കുക.

 

2025 മാര്‍ച്ചിലെ ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയ്ക്കുള്ള ഇന്ത്യയുടെ 26 അംഗ ടീം:

ഗോള്‍കീപ്പര്‍മാര്‍: അമരീന്ദര്‍ സിങ്, ഗുര്‍മീത് സിങ്, വിശാല്‍ കൈത്ത്.

ഡിഫന്‍ഡര്‍മാര്‍: ആശിഷ് റായ്, ബോറിസ് സിങ്, ചിംഗ്ലെന്‍സന സിങ്, എച്ച്. റാള്‍ട്ടെ , മെഹ്താബ് സിങ്, രാഹുല്‍ ഭേക്കെ, റോഷന്‍ സിങ്, സന്ദേശ് ജിംഗന്‍, സുഭാശിഷ്  ബോസ്.

മിഡ്ഫീല്‍ഡര്‍മാര്‍: ആഷിക് കുരുണിയന്‍, ആയുഷ് ദേവ് ഛേത്രി, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ബ്രിസണ്‍ ഫെര്‍ണാണ്ടസ്, ജീക്‌സണ്‍ സിങ്, ലാലെങ്മാവിയ, ലിസ്റ്റണ്‍ കൊളാസോ, മഹേഷ് സിംഗ് നൗറെം, സുരേഷ് സിങ് വാങ്ജാം.

ഫോർവേഡുകൾ: സുനിൽ ഛേത്രി, ഫാറൂഖ് ചൗധരി, ഇർഫാൻ യാദ്വാദ്, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിങ്

 

Content Highlight: Sunil Chhetri comes out from retirement