ചരിത്രത്തില്‍ ഇതുപോലെ ഒരു താരം ആദ്യം; ഐതിഹാസിക നേട്ടത്തില്‍ 'ദി മജീഷ്യന്‍ ഓഫ് ബെംഗളൂരു'
ISL
ചരിത്രത്തില്‍ ഇതുപോലെ ഒരു താരം ആദ്യം; ഐതിഹാസിക നേട്ടത്തില്‍ 'ദി മജീഷ്യന്‍ ഓഫ് ബെംഗളൂരു'
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th November 2024, 11:24 am

ഐ.സ്.എല്ലില്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബെംഗളൂരു എഫ്.സി. കിഷോര്‍ ഭാരതി ക്രീരാംഗണില്‍ നടന്ന മത്സരത്തില്‍ ഹോം ടിമായ മുഹമ്മദന്‍ എസ്.സിയെയാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലൂസിന്റെ വിജയം.

വിജയം കണ്‍മുമ്പില്‍ കണ്ട ശേഷമായിരുന്നു ബ്ലാക്ക് പാന്തേഴ്‌സ് പരാജയത്തിലേക്ക് കാലിടറി വീണത്. മത്സരത്തിന്റെ 82ാം മിനിട്ട് വരെ ലീഡ് നിലനിര്‍ത്തിയ മുഹമ്മദന്‍ പെനാല്‍ട്ടി വഴങ്ങുകയും സമനില പാലിക്കുകയുമായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വഴങ്ങിയ സെല്‍ഫ് ഗോളും കൊല്‍ക്കത്ത ജയന്റ്‌സിന് തിരിച്ചടിയായി.

മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ ലോബി മന്‍സോക്കിയിലൂടെ മുഹമ്മദനാണ് ആദ്യം സ്‌കോര്‍ ചെയ്തത്. നേടിയെടുത്ത കോര്‍ണര്‍ കിക്കില്‍ കൃത്യമായി തലവെച്ചാണ് മന്‍സോക്കി സന്ധുവിനെ കാഴ്ചക്കാരനാക്കിയത്. ഗോള്‍ വഴങ്ങേണ്ടി വന്നതോടെ ബെംഗളൂരു പോര്‍മുഖം തുറന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും വലകുലുക്കാന്‍ ബ്ലൂസിന് സാധിച്ചില്ല.

ആദ്യ പകുതി ഒരു ഗോളിന് പിന്നില്‍ നിന്ന ബെംഗളൂരുവിന് സമനില കണ്ടെത്താന്‍ 82ാം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു.

രണ്ടാം പകുതിയിലാണ് ഛേത്രി ബെംഗളൂരുവിനായി കളത്തിലിറങ്ങിയത്. തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ച താരത്തിന് എന്നാല്‍ വലകുലുക്കാന്‍ മാത്രം സാധിച്ചില്ല. എന്നാല്‍ തുടര്‍ച്ചയായി ബെംഗളൂരുവിന്റെ ഗോള്‍മുഖം വിറപ്പിക്കാനും സന്ധുവിന് തലവേദന സൃഷ്ടിക്കാനും ബ്ലാക് പാന്തേഴ്‌സിനായി. 79ാം മിനിട്ടില്‍ ബോക്‌സില്‍ വെച്ച് മന്‍സോക്കി കമ്മിറ്റ് ചെയ്ത ഫൗള്‍ ബെംഗളൂരുവിന് അവസരം തുറന്നിട്ടു.

കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല. കൃത്യമായി കിക്കെടുത്ത ഛേത്രി ബ്ലൂസിനെ ഒപ്പമെത്തിച്ചു.

ശേഷം 90+9ാം മിനിട്ടിലും ഛേത്രിയുടെ കരുത്തില്‍ ബെംഗളൂരു വലകുലുക്കി. ഛേത്രിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ മുഹമ്മദന്റെ വലതുളച്ചുകയറിയെങ്കിലും സെല്‍ഫ് ഗോളായാണ് അത് അടയാളപ്പെടുത്തപ്പെട്ടത്.

മത്സരത്തിലെ ആദ്യ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഛേത്രിയെ തേടിയെത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എല്ലാ ടീമുകള്‍ക്കെതിരെയും ഗോള്‍ നേടിയ ഏക താരമെന്ന നേട്ടമാണ് ഛേത്രി നേടിയത്. ഐ.എസ്.എല്ലിലെ 15 ടീമുകള്‍ക്കെതിരെയും ഇന്ത്യയുടെ ഫുട്‌ബോള്‍ മാന്ത്രികന്‍ ഗോള്‍ കണ്ടെത്തി.

ഛേത്രി ഗോള്‍ നേടിയ ഐ.സ്.എല്ലിലെ എതിരാളികള്‍

  1. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി
  2. മോഹന്‍ ബഗാന്‍
  3. ഈസ്റ്റ് ബംഗാള്‍
  4. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി
  5. പഞ്ചാബ് എഫ്.സി
  6. ഒഡീഷ എഫ്.സി
  7. എഫ്.സി ഗോവ
  8. ചെന്നൈയിന്‍ എഫ്.സി
  9. ജംഷഡ്പൂര്‍ എഫ്.സി
  10. മുംബൈ സിറ്റി എഫ്.സി
  11. ഹൈദരാബാദ് എഫ്.സി
  12. മുഹമ്മദന്‍ എസ്.സി
  13. ദല്‍ഹി ഡൈനാമോസ് (നിലവില്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ല)
  14. എ.ടി.കെ (നിലവില്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ല)
  15. എഫ്.സി പൂനെ സിറ്റി (നിലവില്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ല)

കളിച്ച ഒമ്പത് മത്സരത്തില്‍ ആറ് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 20 പോയിന്റോടെ ഒന്നാമതാണ് ബെംഗളൂരു. എട്ട് മത്സരത്തില്‍ നിന്നും 17 പോയിന്റുമായി മോഹന്‍ ബഗാനാണ് ഒന്നാമത്.

ഡിസംബര്‍ ഒന്നിനാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഒഡീഷ എഫ്.സിയാണ് എതിരാളികള്‍.

 

Content Highlight:  Sunil Chhetri became the only player to score against all teams in ISL