18 വര്‍ഷം മുമ്പ് റിലീസായ എന്റെ ആ സിനിമ അഭിമന്യുവിന്റെ റീമേക്കാണെന്ന് കഴിഞ്ഞ വര്‍ഷമാണ് മനസിലായത്: സുന്ദര്‍. സി
Film News
18 വര്‍ഷം മുമ്പ് റിലീസായ എന്റെ ആ സിനിമ അഭിമന്യുവിന്റെ റീമേക്കാണെന്ന് കഴിഞ്ഞ വര്‍ഷമാണ് മനസിലായത്: സുന്ദര്‍. സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th May 2024, 5:06 pm

താന്‍ ഒരുപാട് സിനിമകള്‍ തമിഴില്‍ റീമേക്ക് ചെയ്തിട്ടുള്ള ആളാണെന്നും എന്നാല്‍ താന്‍ പോലുമറിയാതെ ഒരു റീമേക്ക് ചിത്രത്തില്‍ നായകനായെന്നും തമിഴ് നടന്‍ സുന്ദര്‍. സി. സിനിമയുടെ കഥ പറയുന്ന സമയത്ത് പോലും സംവിധായകന്‍ അത് തന്നോട് പറഞ്ഞില്ലായിരുന്നെന്നും സുന്ദര്‍. സി പറഞ്ഞു.

താരം അഭിനയിച്ച് 2006ല്‍ പുറത്തിറങ്ങിയ തലൈനഗരം എന്ന സിനിമ മോഹന്‍ലാല്‍ ചിത്രം അഭിമന്യുവിന്റെ റീമേക്കാണെന്ന് കഴിഞ്ഞ വര്‍ഷമാണ് മനസിലായതെന്നും സുന്ദര്‍. സി പറഞ്ഞു. തന്റെ പുതിയ ചിത്രമായ അരന്മനൈ 4ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘മലയാളത്തില്‍ നിന്നും ഒരുപാട് സിനിമകള്‍ ഞാന്‍ തമിഴില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. മിന്നാരം, കാക്കകുയില്‍ ഇതൊക്കെ സംവിധാനം ചെയ്തു. സ്ഫടികം, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പക്ഷേ ഞാന്‍ പോലും അറിയാതെ ഒരു റീമേക്ക് സിനിമയില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. തലൈനഗരം എന്ന സിനിമ ഒരു മലയാള സിനിമയുടെ റീമേക്കായിരുന്നു.

എല്ലാവരും പറഞ്ഞു, അഭിമന്യു എന്ന മലയാള സിനിമയുടെ റീമേക്കാണ് തലൈനഗരമെന്ന്. ആദ്യമൊന്നും ഞാന്‍ വിശ്വസിച്ചില്ല. കഴിഞ്ഞ വര്‍ഷം എന്റെ അമ്മയും ആ കാര്യം പറഞ്ഞപ്പോള്‍ അതൊന്ന് നോക്കാന്‍ തീരുമാനിച്ചു. വിക്കിപീഡിയ എടുത്ത് അഭിമന്യൂവിന്റെ പ്ലോട്ട് വായിച്ചു നോക്കി. ഇതുതന്നെയല്ലേ തലൈനഗരം എന്ന് എനിക്ക് അപ്പോള്‍ മനസിലായി.

പക്ഷേ സംവിധായകന്‍ സുരാജ് ഈ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ അഭിമന്യുവിന്റെ കഥയാണെന്ന് പറഞ്ഞിരുന്നില്ല. ഇത് ഞാന്‍ നിര്‍മിക്കുകയും ചെയ്തു. ഏറ്റവും വലിയ ഹൈലൈറ്റ് എന്താണെന്ന് വെച്ചാല്‍ തലൈനഗരത്തിന്റെ തെലുങ്ക് റീമേക്ക് റൈറ്റ്‌സ് ഞാന്‍ വേറൊരു പ്രൊഡക്ഷന്‍ ഹൗസിന് കൊടുത്തിരുന്നു. റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്‌സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും,’ സുന്ദര്‍.സി പറഞ്ഞു.

Content Highlight: Sundar C saying  he was not aware that he acted in Tamil remake of Abhimayu movie