അയ്യപ്പനും കോശിയും തമിഴില്‍ ചെയ്യാനിരുന്നപ്പോള്‍ ആ രണ്ട് നടന്മാരായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത്: സുന്ദര്‍. സി
Entertainment
അയ്യപ്പനും കോശിയും തമിഴില്‍ ചെയ്യാനിരുന്നപ്പോള്‍ ആ രണ്ട് നടന്മാരായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത്: സുന്ദര്‍. സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th May 2024, 10:18 am

അയ്യപ്പനും കോശിയും സിനിമ കണ്ടപ്പോള്‍ അത് തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നടനും സംവിധായകനുമായ സുന്ദര്‍. സി പറഞ്ഞു. എന്നാല്‍ തന്നെക്കാള്‍ മുന്നേ മറ്റൊരു നിര്‍മാതാവ് അതിന്റെ റൈറ്റ്‌സ് വാങ്ങിയതുകൊണ്ട് ആ ശ്രമം അന്ന് ഉപേക്ഷിച്ചിരുന്നുവെന്നുവെന്നും താരം പറഞ്ഞു. പിന്നീട് അതേ നിര്‍മാതാവ് തന്റെയടുത്തേക്ക് ആ സിനിമ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് വന്നപ്പോള്‍ തന്റെ താത്പര്യം പോയെന്നും സുന്ദര്‍. സി കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ കാര്‍ത്തിയെയും സത്യരാജിനെയും വെച്ച് ചെയ്യാനായിരുന്നു പ്ലാനെന്നും താരം കൂട്ടിച്ചേര്‍ത്തു. സത്യരാജിനെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി കൊണ്ടുവരുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് തോന്നിയെന്നും സുന്ദര്‍. സി പറഞ്ഞു. തന്റെ പുതിയ ചിത്രമായ അരന്മനൈ 4ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് സുന്ദര്‍. സി ഇക്കാര്യം പറഞ്ഞത്.

‘അയ്യപ്പനും കോശിയും സിനിമ കണ്ടപ്പോള്‍ അത് തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. ആ സിനിമ തിയേറ്റില്‍ നിന്ന് കണ്ടപ്പോള്‍ തന്നെ അത് തീരുമാനിച്ചതായിരുന്നു. എന്നാല്‍ എന്നെക്കാള്‍ മുന്നേ മറ്റൊരു പ്രൊഡ്യൂസര്‍ അതിന്റെ റൈറ്റ്സ് വാങ്ങി. അതോടുകൂടെ ഞാന്‍ അതില്‍ നിന്ന് പിന്‍വാങ്ങി. പിന്നീട് ആ പ്രൊഡ്യൂസര്‍ എന്റെയടുത്ത് റൈറ്റ്‌സ് തരാന്‍ വന്നപ്പോള്‍ എനിക്ക് ആ പ്രൊജക്ടിലുള്ള താത്പര്യം പോയി.

തമിഴില്‍ കോശി എന്ന കഥാപാത്രമായി മനസില്‍ കണ്ടത് കാര്‍ത്തിയെ ആയിരുന്നു. അയ്യപ്പന്‍ നായരായി സത്യരാജായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. സത്യരാജിനെ അയ്യപ്പന്‍ നായരായി പ്രസന്റ് ചെയ്യുമ്പോള്‍ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് തോന്നിയിരുന്നു. അതുപോലെ കോശിയെ കാര്‍ത്തി ഗംഭീരമായി ചെയ്യുമെന്നും എനിക്ക് ഉറപ്പായിരുന്നു,’ സുന്ദര്‍. സി പറഞ്ഞു.

Content Highlight: Sundar C about the lead characters that he wish to cast in Tamil remake of Ayyappanum Koshiyum