ആ ഹിറ്റ് ഗാനം എനിക്ക് പകരം പാടേണ്ടത് ചിത്ര; അന്ന് കവിത പാടാനെന്ന് പറഞ്ഞാണ് വിളിച്ചത്: സുജാത
Entertainment
ആ ഹിറ്റ് ഗാനം എനിക്ക് പകരം പാടേണ്ടത് ചിത്ര; അന്ന് കവിത പാടാനെന്ന് പറഞ്ഞാണ് വിളിച്ചത്: സുജാത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th September 2024, 11:24 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് വിദ്യാസാഗര്‍. മലയാളി അല്ലാതിരുന്നിട്ടും കേരളത്തിനായി അദ്ദേഹം നല്‍കിയത് വളരെ മികച്ച ഗാനങ്ങളാണ്. 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് വിദ്യാസാഗര്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് അദ്ദേഹം മലയാളത്തിന് നല്‍കിയതെല്ലാം എന്നും ഓര്‍മിക്കപ്പെടുന്ന ഗാനങ്ങളാണ്. സമ്മര്‍ ഇന്‍ ബത്‌ലഹേം, പ്രണയവര്‍ണങ്ങള്‍ എന്നീ സിനിമകള്‍ക്കും സംഗീതം പകര്‍ന്നത് വിദ്യാസാഗറാണ്. സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ‘ചൂളമടിച്ച് കറങ്ങി നടക്കും’ എന്ന പാട്ടും പ്രണയവര്‍ണങ്ങളിലെ ‘വരമഞ്ഞളാടിയ’ എന്ന പാട്ടും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.

‘ചൂളമടിച്ച് കറങ്ങി നടക്കും’ എന്ന പാട്ട് പാടിയത് ഗായിക ചിത്രയായിരുന്നു. ‘വരമഞ്ഞളാടിയ’ പാട്ട് പാടിയതാകട്ടെ സുജാതയും. എന്തുകൊണ്ടാണ് തനിക്ക് സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ പാട്ട്് വിദ്യാസാഗര്‍ നല്‍കാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സുജാത. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുജാത.

‘ഇതേകാര്യം ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കാരണം ‘ചൂളമടിച്ച് കറങ്ങി നടക്കും’ എന്നുള്ള പാട്ട് പോലുള്ളവയാണ് എനിക്ക് സാധാരണയായി മ്യൂസിക് ഡയറക്ടേഴ്‌സ് തരാറുള്ളത്. എനിക്ക് വേണ്ടി എപ്പോഴും ഹാപ്പി ബബ്ലി സോങ്ങുകളാണ് പലരും സെലക്റ്റ് ചെയ്യാറുള്ളത്.

അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ എന്റെ സ്വഭാവം കൊണ്ടാകും (ചിരി). ‘വരമഞ്ഞളാടിയ’ എന്ന പാട്ട് കുറച്ച് സീരിയസ് ടൈപ്പായിരുന്നു. ഒരു കവിതയാണ് പാടേണ്ടതെന്ന് പറഞ്ഞാണ് എന്നെ അന്ന് വിളിക്കുന്നത്. പക്ഷെ അത് ചിത്രക്ക് കൊടുക്കേണ്ടിയിരുന്ന പാട്ടായിരുന്നു. എനിക്ക് തന്നത് എന്റെ ഭാഗ്യമാണെന്ന് പറയാം.

അതുകൊണ്ട് അത്തരത്തിലുള്ള കുറച്ച് പാട്ടുകള്‍ പാടാന്‍ കഴിഞ്ഞു. ഇനി കാണുമ്പോള്‍ വിദ്യാസാഗര്‍ സാറിനോട് ഞാന്‍ ഇതിനെ പറ്റി ചോദിക്കാം. ആ പാട്ട് പാടിയിട്ട് ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞല്ലോ. എങ്കിലും ഇപ്പോള്‍ ചോദിച്ചാല്‍ ആളെ മാറ്റട്ടേയെന്ന് തിരികെ ചോദിച്ചേക്കും,’ സുജാത പറഞ്ഞു.


Content Highlight: Sujatha Mohan Talks About Vidhyasagar And KS Chithra