മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. പന്ത്രണ്ടുവയസുള്ളപ്പോള്‍ മലയാള സിനിമയില്‍ പാടിത്തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ബഡഗ, മറാത്തി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ പാടിയിട്ടുണ്ട്. ഇതിനോടകം സുജാത 18,000 പാട്ടുകള്‍ പാടി റെക്കോഡ് ചെയ്തിട്ടുണ്ട്. സംഗീത റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവായും സുജാത വരാറുണ്ട്.
പാട്ട് കേട്ട് തനിക്ക് ഇപ്പോള്‍ റിലാക്സേഷന്‍ കിട്ടാറില്ലെന്ന് പറയുകയാണ് സുജാത മോഹന്‍. പണ്ടൊക്കെ പാട്ട് കേട്ടാല്‍ തനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ പാട്ട് കേട്ടാല്‍ അതിനെ അനാലിസിസ് ചെയ്യാതെ ആസ്വദിക്കാന്‍ കഴിയാറില്ലെന്നും സുജാത പറയുന്നു. റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവായി ഇരിക്കുന്നതുകൊണ്ടാണോ അങ്ങനെ നടക്കുന്നതെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുജാത.
‘സത്യം പറഞ്ഞാല്‍ എനിക്ക് പാട്ട് ഒരിക്കലും റിലാക്സേഷന്‍ അല്ല. എനിക്ക് പാട്ട് കേട്ടാല്‍ എവിടെ ശ്വാസം എടുത്തു, എവിടെ കട്ട് ചെയ്തു, ആ സംഗതി എങ്ങനെ വന്നു എന്നുതുടങ്ങി ഒരു പാട്ടിനെ അനലൈസ് ചെയ്യാതെ അല്ലാതെ ഇപ്പോള്‍ പാട്ട് കേള്‍ക്കാന്‍ പറ്റാറില്ല. ജഡ്ജിങ്ങിന് പോയി ഇരുന്നിട്ടാണോയെന്ന് അറിയില്ല.
പക്ഷെ അതോര്‍ത്ത് എനിക്ക് ഭയങ്കര സങ്കടമാണ്. ഒരു പാട്ട് നമുക്കിങ്ങനെ ആസ്വദിച്ച് കേട്ട് കിടന്നാല്‍ ഉറങ്ങാന്‍ പറ്റില്ല. പാട്ട് കേട്ട് കിടന്നാല്‍ പണ്ടൊക്കെ ഞാന്‍ ഉറങ്ങുമായിരുന്നു. ഞാനും മോഹനും പാട്ടൊക്കെ കേട്ടിട്ടായിരുന്നു ഉറങ്ങുക. മോഹന് പഴയ ഹിന്ദി പാട്ട് നിര്‍ബന്ധമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ എനിക്ക് ഉറങ്ങാനേ പറ്റില്ല. ഇപ്പോള്‍ പാട്ട് കേട്ടാല്‍ അവിടെ എന്തിനാ ശ്വാസം കട്ട് ചെയ്‌തേ, അവിടെ എങ്ങനെയാ സംഗതി എടുത്തേ, അവിടെ സ്ലോ ചെയ്താല്‍ എങ്ങനെ ഉണ്ടാകും തുടങ്ങി നൂറുകണക്കിന് ചോദ്യങ്ങളാണ് എന്റെ മനസിലൂടെ പോകുന്നത്. എന്റെ ഉള്ളിലുണ്ടായിരുന്ന സംഗീതപ്രേമി ഇപ്പോഴില്ലെന്ന് തോന്നുന്നു,’ സുജാത പറയുന്നു.
Content Highlight: Sujatha Mohan Says She Can’t Enjoying Listening Music