നിങ്ങളെ രക്ഷിക്കാന്‍ എത്തിയവര്‍ നിങ്ങളുടെ മതത്തിലുള്ളവരോ അച്ഛന്റെ പാര്‍ട്ടിക്കാരോയല്ല; ഇവരെ കണ്ടു വളരുക: സുജാത മോഹന്‍
മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരന്തത്തിന് ഇരയായവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി ഫേസ്ബുക്ക് പോസ്റ്റുമായി ഗായിക സുജാത മോഹന്‍. നിങ്ങളെ ഇന്ന് ദുരന്തമുഖത്ത് നിന്ന് രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ലെന്നും നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിയോ നിങ്ങളുടെ ചോരയോ അല്ലെന്നും നിങ്ങളുടെ ആരുമല്ലാത്ത ഇവരെ കണ്ട് നിങ്ങള്‍ വളരുകയെന്നുമാണ് സുജാത പോസ്റ്റില്‍ പറയുന്നത്.
നിങ്ങള്‍ വലുതായാല്‍ ആരാവാനാണ് ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ ഡോക്ടറാവണം എന്‍ജിനീയറാവണം എന്നല്ല പറയേണ്ടതെന്നും, പകരം നല്ലൊരു മനുഷ്യന്‍ ആവണമെന്നാണ് പറയേണ്ടതെന്നും ഗായിക കൂട്ടിച്ചേര്‍ത്തു. വയനാടിനൊപ്പം പ്രാര്‍ത്ഥനകളോടെ എന്ന് പറഞ്ഞാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്.
സുജാത മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
മക്കളെ, നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല. നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല. നിങ്ങളുടെ ചോരയല്ല. നിങ്ങളുടെ ആരുമല്ല. ഇത് കണ്ടു നിങ്ങള്‍ വളരുക. നിങ്ങളുടെ സഹജീവികളെ സ്‌നേഹിച്ചു നിങ്ങള്‍ വളരുക. നിങ്ങള്‍ വളരുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ പറയണം, ഡോക്ടര്‍ ആവണം എന്‍ജിനീയര്‍ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യന്‍’ ആവണമെന്ന്. വയനാടിനൊപ്പം, പ്രാര്‍ത്ഥനകളോടെ.
സുജാതക്ക് പുറമെ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമാ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള പോസ്റ്റുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്തിരുന്നു. ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവരടക്കമുള്ളവര്‍ വയനാടിനായി കൈകോര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടി നിഖില വിമല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 224 പേരാണ് മരിച്ചത്. നിരവധി പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. നിലവില്‍ ഒരുപാട് ആളുകള്‍ മേപ്പാടിയിലെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്.
Content Highlight: Sujatha Mohan’s Facebook Post On Wayanad Landslide