കൊവിഡ് എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും ബാധിച്ചിപ്പോള്‍ മലയാള സിനിമ മാത്രം പിടിച്ചുനിന്നു: സുഹാസിനി
Movie Day
കൊവിഡ് എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും ബാധിച്ചിപ്പോള്‍ മലയാള സിനിമ മാത്രം പിടിച്ചുനിന്നു: സുഹാസിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th October 2021, 8:31 pm

കൊവിഡ് എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും ബാധിച്ചപ്പോള്‍ മലയാള സിനിമ മാത്രം പിടിച്ചുനിന്നു: സുഹാസിനി

കൊവിഡ് അന്താരാഷ്ട്ര തലത്തില്‍ വരെ എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും ബാധിച്ചപ്പോള്‍ മലയാള സിനിമക്ക് മാത്രം ഒന്നും സംഭവിച്ചില്ലെന്ന് സംവിധായികയും നടിയുമായി സുഹാസിനി മണിരത്നം.

മലയാളം ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

‘നോര്‍ത്തിലെ ഹരിയാനയിലായാലും പഞ്ചാബിലായാലും എല്ലാവരും മലയാള സിനിമ കാണാന്‍ തുടങ്ങിയിരിക്കുന്നു. കൊവിഡ് കാലത്ത് നല്ല സിനിമകള്‍ വന്നത് കേരളത്തില്‍ നിന്ന് മാത്രമാണ്,’ സുഹാസിനി പറഞ്ഞു.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമക്ക് ഒരുപാട് റീച്ച് ഉണ്ടാക്കിയെങ്കിലും തന്റെ ഫേവറിറ്റ് തിയേറ്ററാണെന്നും സുഹാസിനി പറഞ്ഞു. ഒ.ടി.ടിയില്‍ തമാശാസീനുകള്‍ വര്‍ക്കാവില്ലെന്നും, മനസ്സറിഞ്ഞ് ചിരിക്കണമെങ്കല്‍ തിയേറ്ററില്‍ തന്നെ പോകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തില്‍ ഞാന്‍ വിദ്യാര്‍ഥിയായി വന്ന് ഒരു ടീച്ചറായി മാറി. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഞാന്‍ മലയാള സിനിമ കാണാറുണ്ട്. സുകുമാരി ചേച്ചിയാണ് എന്നെ ‘കൂടെവിടെ’ എന്ന എന്റെ ആദ്യ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അന്ന് ഞാന്‍ മലയാള സിനിമയിലേക്ക് വരുമെന്നോ വന്നാല്‍ തന്നെ ഷൈന്‍ ചെയ്യാന്‍ കഴിയുമെന്നോ കരുതിയിരുന്നില്ല.

അന്ന് എനിക്ക് മമ്മൂട്ടി ആരാണന്നോ മോഹന്‍ലാല്‍ ആരാണന്നോ എന്ന് പോലും അറിയില്ല. ഒരിക്കല്‍ ലാലു അലക്‌സിനെ കണ്ട് മമ്മൂട്ടി ആണോ എന്ന് ഞാന്‍ വിചാരിച്ചിരുന്നു,’ സുഹാസിനി പറഞ്ഞു.

2020ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി കമ്മിറ്റി ചെയര്‍പെഴ്‌സണായിരുന്നു സുഹാസിനി. എന്തുകൊണ്ടാണ് അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തത് എന്ന കാര്യവും സുഹാസിനി അഭിമുഖത്തില്‍ വ്യക്തമാക്കി.

അന്ന ബെന്‍ വെര്‍സറ്റൈലായിരുന്നുവെന്നും ആ സിനിമയിലെ കഥാപാത്രം വ്യത്യസ്തത നിറഞ്ഞതായിരുന്നുവെന്നുമാണ് സുഹാസിനി പറയുന്നത്.
‘നിമിഷ സജയന് നോമിനേഷന്‍ വന്ന മാലിക് എന്ന എന്ന ചിത്രത്തില്‍ തിരക്കഥയ്ക്കും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സിനിമയുടെ ഉള്ളടക്കവുമായിരുന്നു പ്രാധാന്യം.എന്നാല്‍ കപ്പേളയില്‍ അന്ന ബെന്‍ ആണ് സിനിമയെ മുന്നോട്ട് കൊണ്ട് പോയത്. അക്കാരണം കൊണ്ടാണ് അന്നയെ മികച്ച നടിയായി തെരഞ്ഞെടുത്തത്,’ സുഹാസിനി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS:  Suhasini says  covid affected the entire film industry, only Malayalam cinema survived