തനിക്ക് വന്ന വിവാദങ്ങളെപ്പറ്റി സംസാരിക്കുകയാണ് ബാബു ആൻ്റണി. തരണം ചെയ്യാൻ മാത്രമുള്ള വിവാദങ്ങളൊന്നും തനിക്ക് വന്നിട്ടില്ലെന്നും എന്നാൽ വന്നവയൊക്കെയും വിവാദങ്ങളൊക്കെ കരിയറിനെ തകർത്ത് കളഞ്ഞുവെന്നും ബാബു ആൻ്റണി പറയുന്നു. അതുകാരണമാണ് താൻ ബ്രേക്ക് എടുത്തെന്നും കുറെക്കാലം കഴിഞ്ഞിട്ടാണ് സിനിമയിലേക്ക് വന്നതെന്നും ബാബു ആൻ്റണി പറഞ്ഞു.
ഒഴുക്കിന് ശക്തി കൂടുമ്പോൾ നീന്താൻ പറ്റില്ലെന്നും പറിച്ചുകടക്കണമെന്നും എന്നാൽ മാത്രമാണ് മുന്നോട്ട് പോകാൻ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു. കുറ്റബോധം ഉണ്ടെങ്കിൽ മാത്രമേ വിഷമം ഉണ്ടാവുകയുള്ളു എന്നും സ്വയം വിശ്വാസമുണ്ടെങ്കിൽ കുറ്റബോധം തോന്നേണ്ട ആവശ്യമില്ലെന്നും ബാബു ആൻ്റണി പറഞ്ഞു.
തൻ്റെ കൂടെത്തന്നെ വന്ന ഡയറക്ടേഴ്സ് ഉണ്ടെന്നും അവരോട് വേഷം ചോദിച്ചപ്പോൾ തന്നില്ലെന്നും ബാബു ആൻ്റണി കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു ബാബു ആൻ്റണി.
‘എനിക്ക് ഓവർകം ചെയ്യേണ്ടി വന്നിട്ടുള്ള വിവാദങ്ങളൊന്നും ഉണ്ടായിട്ടില്ല. വന്ന വിവാദങ്ങളൊക്കെ നമ്മുടെ കരിയറിനെ തകർത്ത് കളഞ്ഞിട്ടെയുള്ളു. പിന്നെ ഞാൻ ബ്രേക്ക് എടുത്തു. കുറെക്കാലം കഴിഞ്ഞിട്ടാണ് സിനിമയിലേക്ക് വന്നത്. ഒഴുക്കിന് ശക്തി കൂടുമ്പോൾ നീന്താൻ പറ്റില്ല. പറിച്ചുകടക്കണം. പറിച്ച് കളഞ്ഞ് മുന്നോട്ട് പോകാൻ മാത്രമേ പറ്റു.
ഗിൽട്ടിയാണെങ്കിൽ മാത്രമേ വിഷമം ഉണ്ടാകുകയുള്ളു. അതില്ലെങ്കിൽ ഒന്നും ഫീൽ ചെയ്യില്ല. നിനക്ക് നിന്നെ വിശ്വാസമാണെങ്കിൽ കുറ്റബോധം തോന്നേണ്ട ആവശ്യമില്ല.
എൻ്റെ കൂടെത്തന്നെ വന്ന് വലുതായ ഡയറക്ടേഴ്സുണ്ടായിരുന്നു. വളരെ അടുത്ത ബന്ധമുള്ളവർ. ‘എടാ ഒരു വേഷം താടാ’ എന്ന് ഞാൻ അവരോട് ചോദിച്ചിട്ടുണ്ട്. തന്നിട്ടില്ല അവർ. പിന്നെ അതിൻ്റെ ആവശ്യം വന്നിട്ടില്ല. ഞാൻ തിരിച്ചുവന്നു,’ ബാബു ആൻ്റണി പറയുന്നു.
കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസിൽ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലൻ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി. പിന്നീട് മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി.
Content Highlight: The controversy ruined my career says Actor Babu Antony