ബീജിങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് വ്യക്തമാക്കി ചൈന. ട്രംപിന്റെ പകരച്ചുങ്കത്തിന് മറുപടിയായി ചൈന ചുമത്തിയ 34 ശതമാനം തീരുവ പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ ചൈനയ്ക്ക് 50 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അവസാനം വരെ അമേരിക്കയുടെ നയങ്ങൾക്കെതിരെ പോരാടുമെന്ന ചൈന വ്യക്തമാക്കിയിരിക്കുകയാണ്. ചൈനയുടെ പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ സമ്മർദത്തിനോ ഭീഷണിക്കോ വഴങ്ങില്ലെന്ന് തിങ്കളാഴ്ച ചൈന വ്യക്തമാക്കി.
ചൈനയ്ക്കു മേലുള്ള തീരുവ വർധിപ്പിക്കുമെന്ന യു.എസ് ഭീഷണി ഒരു തെറ്റിനു മുകളിൽ മറ്റൊരു തെറ്റാണെന്നും ഇത് യു.എസിന്റെ ബ്ലാക്ക് മെയിൽ സ്വഭാവം തുറന്നുകാട്ടുന്നുവെന്നും ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും ചൈന പറഞ്ഞു.
‘ചൈനയെ സമ്മർദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ഞങ്ങളുമായി ഇടപഴകാനുള്ള ശരിയായ മാർഗമല്ലെന്ന് ഞങ്ങൾ ഒന്നിലധികം തവണപറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ നിയമാനുസൃത അവകാശങ്ങളും താത്പര്യങ്ങളും ശക്തമായി സംരക്ഷിക്കും,’ അമേരിക്കയിലെ ബീജിങ് എംബസിയുടെ വക്താവ് ലിയു പെങ്യു പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ട്രംപ് മറ്റ് ലോകരാജ്യങ്ങള്‍ക്കൊപ്പം ചൈനയ്ക്കും താരിഫ് ചുമത്തിയത്. 34 ശതമാനം താരിഫാണ് ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയത്. ചൈനയില്‍ നിന്നും കുറഞ്ഞ മൂല്യമുള്ള ഉത്പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീയായി അയക്കുന്നത് ട്രംപ് നിര്‍ത്തലാക്കുകയും ചെയ്തു.
തൊട്ട് പിന്നാലെ എല്ലാ യു.എസ് ഉത്പന്നങ്ങള്‍ക്കും 34 ശതമാനം അധിത തീരുവ ചുമത്തുമെന്നും ചില ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനയും അറിയിച്ചു. കൂടാതെ ഏകദേശം 30ഓളം കമ്പനികള്‍ക്ക് ചൈനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി.
ചൈനീസ് കമ്പനിയായ ടിക് ടോക്കിന്റെ യു.എസിലെ പ്രവര്‍ത്തനങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യു.എസ് തീരുവ കുറയ്ക്കുമെന്ന് അമേരിക്ക പറഞ്ഞിരുന്നു. ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ വക്താവ് യു.എസ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കരാറിന് ഇതുവരെ അന്തിമരൂപം ലഭിച്ചിട്ടില്ല. അതിന് ചൈനീസ് സര്‍ക്കാരിന്റെ അനുമതി വേണം.
ഏപ്രില്‍ രണ്ട് മുതല്‍ യു.എസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ മെക്‌സിക്കോയ്ക്കും കാനഡയ്ക്കും മേൽ അമേരിക്ക താരിഫ് ചുമത്തി. അമേരിക്കയോട് സൗഹൃദമുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കും ട്രംപ് നികുതി ചുമത്തിയിരുന്നു. അതേസമയം ട്രംപിന് വഴങ്ങി യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന തീരുവകള്‍ ഇസ്രഈല്‍ പിൻവലിച്ചിരുന്നു.
Content Highlight: China Vows More Countermeasures Against U.S. Tariff Threats