അതുവരെ മലയാള സിനിമയില്‍ നായകന്മാരായത് മമ്മൂട്ടിയും ലാലേട്ടനും; പിന്നീടാണ് ആ നടന്‍ വരുന്നത്: സുധീഷ്
Entertainment
അതുവരെ മലയാള സിനിമയില്‍ നായകന്മാരായത് മമ്മൂട്ടിയും ലാലേട്ടനും; പിന്നീടാണ് ആ നടന്‍ വരുന്നത്: സുധീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th November 2024, 10:12 pm

ഒരു സമയത്ത് മലയാള സിനിമയില്‍ നായകന്മാരായി മമ്മൂട്ടിയും മോഹന്‍ലാലും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് പറയുകയാണ് നടന്‍ സുധീഷ്. പിന്നീട് കുറേനാളിന് ശേഷമാണ് ജയറാം നായകനായി സിനിമയിലേക്ക് വരുന്നതെന്നും സുധീഷ് പറയുന്നു.

ഒപ്പം 1987ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ സിനിമയെ കുറിച്ചും നടന്‍ സംസാരിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരമായിരുന്നു സുധീഷിന്റെ ആദ്യ സിനിമ. മമ്മൂട്ടി ആയിരുന്നു ഈ സിനിമയില്‍ നായകനായത്. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വലിയ ത്രില്ല് തോന്നിയിരുന്നെന്നും കൂടെയുള്ള മമ്മൂട്ടി തനിക്ക് അഭിനയം കുറച്ചുകൂടെ ഈസിയാക്കി തന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു സമയത്ത് മലയാള സിനിമയില്‍ നായകന്മാരായി മമ്മൂക്കയും ലാലേട്ടനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കുറേ നാളിന് ശേഷമാണ് ജയറാമേട്ടന്‍ സിനിമയിലേക്ക് വരുന്നത്. സത്യത്തില്‍ ജയറാമേട്ടന്‍ വരുന്നതിന് മുമ്പ് ലാലേട്ടനും മമ്മൂക്കയും മാത്രമാണ് നായകന്മാരായി ഉണ്ടായിരുന്നത്.

അവരെയൊക്കെ കാണുകയെന്നത് വലിയ ഭാഗ്യമായിട്ടാണ് നമ്മളൊക്കെ കണ്ടിരുന്നത്. ആദ്യ സിനിമയില്‍ തന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നു. അതാണെങ്കില്‍ അടൂര്‍ സാറിന്റെ സിനിമയായിരുന്നു.

എനിക്ക് സത്യത്തില്‍ ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വലിയ ത്രില്ല് തോന്നിയിരുന്നു. കൂടെയുള്ള മമ്മൂക്കയാണെങ്കില്‍ അന്ന് എനിക്ക് അഭിനയം കുറച്ചുകൂടെ ഈസിയാക്കി തന്നു. എന്റെ ഏട്ടനായിട്ടാണ് മമ്മൂക്ക ആ സിനിമയില്‍ അഭിനയിച്ചത്.

ചിലപ്പോള്‍ അതുകൊണ്ടാകും സെറ്റില്‍ ഒരു ഏട്ടനെ പോലെ തന്നെയുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിരുന്നത്. പലരും മമ്മൂക്ക വലിയ ഗൗരവക്കാരന്‍ ആണെന്നാണ് പണ്ടുമുതല്‍ക്കേ പറയാറുള്ളത്. എന്നാല്‍ എന്നോട് അദ്ദേഹം ഒരു ഗൗരവവും കാണിച്ചിട്ടില്ല എന്നതാണ് സത്യം,’ സുധീഷ് പറയുന്നു.

Content Highlight: Sudheesh Talks About Jayaram, Mammootty And Mohanlal