Advertisement
Kerala News
വെട്ടിനുറുക്കി കൊല്ലുന്ന ഫാസിസ്റ്റ് രീതി സി.പി.ഐ.എമ്മിന്റെ സ്റ്റൈല്‍; കേസ് സി.ബി.ഐക്ക് വിടാന്‍ തയ്യാറുണ്ടോ?; വെല്ലുവിളിച്ച് സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 18, 04:17 pm
Monday, 18th February 2019, 9:47 pm

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസ് സി.ബി.ഐക്ക് വിടാന്‍ തയ്യാറാണോ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊലക്കുപിന്നില്‍ ഡി.വൈ.എഫ്.ഐയുടെ കില്ലേര്‍സ് ഗ്രൂപ്പ് ആണെന്നും സുധാകരന്‍ ആരോപിച്ചു.

“ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലായെങ്കില്‍, ഭരണകൂടത്തിന് പങ്കില്ലായെങ്കില്‍, കോടിയേരിക്കും പിണറായിക്കും പങ്കില്ലായെങ്കില്‍ ഈ കേസ് സി.ബി.ഐക്ക് വിടാന്‍ തയ്യാറുണ്ടോ? പാര്‍ട്ടി നിങ്ങളെ വെല്ലുവിളിക്കുന്നു.” ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു സുധാകരന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടെന്ന കാര്യം  പൊലിസീന്‌   നേരത്തെ അറിയാമായിരുന്നെന്നും പരസ്യമായി ഇവരെ കൊലപ്പെടുത്തുമെന്ന് പലതവണ പാര്‍ട്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

ALSO READ: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

“കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടെന്ന കാര്യം പൊലീസ് നേരത്തെ അറിഞ്ഞിരുന്നു. സി.പി.ഐ.എം ഇവരെ രണ്ട് പേരെയും വെട്ടി നുറുക്കി വലിച്ചെറിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്കില്‍ നിരവധി തവണ ഡി.വൈ.എഫ്.ഐ സൈബര്‍ പോരാളികളുടെ ഭീഷണി ഈ രണ്ട് ചെറുപ്പക്കാര്‍ക്കും ഉണ്ടായിരുന്നു.

ഒരു സംഘര്‍ഷത്തിലുടെയല്ലാതെ, കാത്തിരുന്ന് പിറകെ പോയി വെട്ടിനുറുക്കി കൊല്ലുന്ന ഫാസിസ്റ്റ് രീതി സി.പി.ഐ.എമ്മിന്റെ സ്റ്റൈലാണ്. ആയുധം താഴ്ത്തി വെക്കാന്‍ സി.പി.ഐ.എമ്മിനു കഴിയില്ല. പൈശാചികമാണ് ഈ കൊലപാതകം. ഇതിന് പിറകില്‍ കൊന്നു നടക്കുന്ന സി.പി.ഐ.എമ്മിന്റെ കില്ലേര്‍സ് ഗ്രൂപ്പുണ്ട്.”

ഷുഹൈബിന്റെ കൊലയില്‍ പങ്കെടുത്തവര്‍ ഈ കൊലപാതകത്തില്‍ പങ്കുണ്ട്. ആ കൊലപാതകത്തില്‍ അറസ്റ്റിലായ പലരും ഇന്ന് ജയിലില്‍ കിടക്കുന്നുണ്ടെങ്കിലും അവരൊന്നും യഥാര്‍ത്ഥ പ്രതികളല്ലായെന്ന കോണ്‍ഗ്രസിന് നേരത്തെ അറിയാം. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടക്കുന്ന സമയത്ത് ഇത് ചെയ്യുന്നത് സി.പി.ഐ.എമ്മിന്റെ തന്ത്രമാണ്. കാരണം ഈ സമയത്ത് സി.പി.ഐ.എം അത് ചെയ്യുമോ എന്ന ചോദ്യം ചോദിച്ച് തടിതപ്പാമെന്ന് അവര്‍ക്കറിയാം. ഈ കേസ് സി.ബി.ഐക്ക് വിടാന്‍ തയ്യാറാണോ?  സുധാകരന്‍ ചോദിച്ചു.