ക്രിക്കറ്റിലെ അടുത്ത ജോ റൂട്ട് അവനാണ്: പ്രസ്താവനയുമായി സ്റ്റുവർട്ട് ബ്രോഡ്
Cricket
ക്രിക്കറ്റിലെ അടുത്ത ജോ റൂട്ട് അവനാണ്: പ്രസ്താവനയുമായി സ്റ്റുവർട്ട് ബ്രോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th August 2024, 1:44 pm

ഇംഗ്ലണ്ട് സൂപ്പര്‍താരം ഹാരി ബ്രൂക്കിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ബ്രൂക്കിന് അടുത്ത ജോ റൂട്ടാവാന്‍ സാധിക്കുമെന്നാണ് ബ്രോഡ് പറഞ്ഞത്. സ്‌കൈ സ്പോര്‍ട്സിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇംഗ്ലീഷ് പേസര്‍.

‘ഹാരിയുടെ ഒരു നെറ്റ് സെഷന്‍ ഞാന്‍ ഓര്‍ക്കുന്നു, സ്ട്രെയിറ്റ് മിഡ് വിക്കറ്റിലൂടെ ആ ഓഫ് സ്റ്റംപ് ലൈനിലൂടെ അവന്‍ വളരെ ശക്തമായി അടിച്ചു. ഇതേപോലെ അത്ഭുതകരമായി അടിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കെവിന്‍ പീറ്റേഴ്സനും ജിമ്മിയും ഞാനും അവന്റെ മികച്ച പ്രകടനങ്ങള്‍ കണ്ടു നിന്നു. അടുത്ത റൂട്ട് അവനാണെന്ന് ഞങ്ങള്‍ കരുതി. എന്നിട്ട് പുറത്തേക്ക് നടന്നു,’ സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു.

2022ലാണ് ഹാരി ബ്രൂക് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിന്റെ പുതിയ ബാസ് ബോള്‍ കളിശൈലിയില്‍ വലിയ സ്വാധീനം ചെലുത്തിയ താരമാണ് ബ്രൂക്. ഇംഗ്ലണ്ടിനായി 15 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 1378 റണ്‍സാണ് ബ്രൂക് നേടിയത്. അഞ്ച് സെഞ്ച്വറികളും എട്ട് അര്‍ധസെഞ്ച്വറികളുമാണ് താരം ടെസ്റ്റില്‍ നേടിയിട്ടുള്ളത്.

ഒരു വര്‍ഷത്തിനുശേഷം ഏകദിനത്തില്‍ അരങ്ങേറിയ ബ്രൂക് 15 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 407 റണ്‍സും ടി-20യില്‍ 39 മത്സരങ്ങളില്‍ നിന്നും 707 റണ്‍സും നേടി. കുട്ടിക്രിക്കറ്റില്‍ മൂന്ന് അര്‍ധസെഞ്ച്വറികളാണ് താരത്തിന്റ അക്കൗണ്ടിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഐതിഹാസികമായ ഒരു കരിയര്‍ സൃഷ്ടിച്ചെടുത്ത റൂട്ടിനെ പോലുള്ള ഒരു താരത്തിന്റെ പാത ബ്രൂക്കിന് പടുത്തുയര്‍ത്താന്‍ സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

നിലവില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ബ്രൂക്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 236 റണ്‍സിന് പുറത്താവുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി അര്‍ധസെഞ്ച്വറി നേടിയാണ് ബ്രൂക് തിളങ്ങിയത്. 73 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. നാല് ഫോറുകളാണ് ബ്രൂക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

 

Content Highlight: Stuart Broad Talks About Harry Brook