ഇനിയെന്ത് വേണം, അപൂര്‍വ റെക്കോഡ് 🔥 🔥; മുത്തയ്യ, മഗ്രാത്ത്, ഹാഡ്‌ലി, മലിംഗ എന്നിവര്‍ക്കൊപ്പം ഇനി ബ്രോഡും
Sports News
ഇനിയെന്ത് വേണം, അപൂര്‍വ റെക്കോഡ് 🔥 🔥; മുത്തയ്യ, മഗ്രാത്ത്, ഹാഡ്‌ലി, മലിംഗ എന്നിവര്‍ക്കൊപ്പം ഇനി ബ്രോഡും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd August 2023, 8:02 am

 

2023ലെ ആഷസ് പരമ്പരയിലെഅവസാന മത്സരം ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് അല്‍പം വിഷമം നിറഞ്ഞതായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ബൗളറായ സ്റ്റുവര്‍ട് ബ്രോഡിന്റെ അവസാന മത്സരം എന്ന നിലയിലാണ് ഈ മത്സരം ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തുക.

ഒരുപിടി നേട്ടങ്ങളുമായാണ് ബ്രോഡ് പടിയിറങ്ങുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 600 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത് മാത്രം ബൗളര്‍, രണ്ടാമത് മാത്രം പേസര്‍, രണ്ടാമത് ഇംഗ്ലണ്ട് താരം തുടങ്ങിയ കരിയര്‍ മൈല്‍ സ്റ്റോണുകളും ബ്രോഡ് ഈ പരമ്പരയില്‍ നേടിയിരുന്നു.

ഇതിന് പുറമെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാറ്റിങ്ങിനിറങ്ങി നേരിട്ട അവസാന പന്ത് സിക്‌സറിന് പറത്തുകയും ബൗളിങ്ങില്‍ അവസാന പന്തില്‍ വിക്കറ്റ് നേടുകയും ചെയ്യുന്ന ആദ്യ താരം എന്ന റെക്കോഡും കൈപ്പിടിയിലൊതുക്കിയാണ് ബ്രോഡ് 22 യാര്‍ഡിനോട് വിട പറഞ്ഞത്.

ഈ നേട്ടത്തിന് പിന്നാലെ മറ്റൊരു എലീറ്റ് ലിസ്റ്റിലും ബ്രോഡ് ഇടം നേടിയിരുന്നു. കരിയറിലെ അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ബ്രോഡ് നടന്നുകയറിയത്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍, റിച്ചാര്‍ഡ് ഹാഡ്‌ലി എന്നിവരടങ്ങിയ പട്ടികയിലാണ് ബ്രോഡും ഇടം നേടിയത്.

ന്യൂസിലാന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ബ്രാഡ്‌ലി 1990ലാണ് തന്റെ അവസാന ടെസ്റ്റ് കളിച്ചത്. ബെര്‍മിങ്ഹിമില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ആയിരുന്നു എതിരാളികള്‍. തന്റെ അവസാന പന്തില്‍ ഇംഗ്ലണ്ട് താരം ഡെവോണ്‍ മാല്‍ക്കമിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് ബ്രാഡ്‌ലി തന്റെ ഐതിഹാസിക കരിയറിന് വിരാമമിട്ടത്.

ഓസീസ് ലെജന്‍ഡ് ഗ്ലെന്‍ മഗ്രാത്തും ഇത്തരത്തില്‍ അവസാന പന്തില്‍ വിക്കറ്റ് നേടി കരിയറിന് വിരാമമിട്ട താരമാണ്. 2006/07 ആഷസ് പരമ്പരയിലാണ് താരം ഈ നേട്ടം കുറിച്ചത്. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ തന്റെ 503ാം വിക്കറ്റായി ആന്‍ഡേഴ്‌സണെ മടക്കിയാണ് മഗ്രാത്ത് 22 യാര്‍ഡ് പിച്ചിനോട് വിടപറഞ്ഞത്.

 

2010ല്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് പ്രത്യേകതകളേറെയായിരുന്നു. പരമ്പരയില ആദ്യ മത്സരം സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധകരന്റെ അവസാന മത്സരമായിരുന്നു. അവസാന ടെസ്റ്റില്‍ ഒരു ഫൈഫര്‍ ഉള്‍പ്പെടെ എട്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ 116ാം ഓവറിലെ നാലാം പന്തില്‍, തന്റെ കരിയറിലെ അവസാന പന്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയെ ജയവര്‍ധനെയുടെ കൈകളിലെത്തിക്കുമ്പോള്‍ ചരിത്രം കൂടി പിറവിയെടുത്തിരുന്നു. മുരളീധരന്റെ 800ാം വിക്കറ്റായാണ് ഓജ മടങ്ങിയത്.

 

ടെസ്റ്റ് ക്രിക്കറ്റിനോട് നേരത്തെ വിടപറയുകയും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത ലങ്കന്‍ സ്റ്റാര്‍ പേസര്‍ ലസിത് മലിംഗയും അവസാന പന്തില്‍ വിക്കറ്റ് നേടിയാണ് കരിയര്‍ അവസാനിപ്പിച്ചത്. 2019ല്‍ ബംഗ്ലാദേശിന്റെ ലങ്കന്‍ പര്യടനത്തില്‍ മുസ്തഫിസുര്‍ റഹ്‌മാനെ മടക്കിയാണ് മലിംഗ ചരിത്ര നേട്ടം കുറിച്ചത്.

Content Highlight: Stuart Broad has entered the list of players who took a wicket with the last ball of his career