അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കം. ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ അയര്‍ലന്‍ഡിനെ ഓള്‍ ഔട്ടാക്കിയ ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചു.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്റെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനം ടീം ഒന്നടങ്കം കാഴ്ചവെച്ചപ്പോള്‍ അയര്‍ലന്‍ഡിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
അഞ്ച് വിക്കറ്റ് നേട്ടവുമായി ബ്രോഡ് തകര്‍ത്തെറിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുമായി ജാക്ക് ലീച്ചും രണ്ട് വിക്കറ്റുമായി മാത്യു പോട്‌സും കട്ടയ്ക്ക് കൂടെ നിന്നു. ഇംഗ്ലണ്ട് നിരയില്‍ പന്തെറിഞ്ഞവരില്‍ ജോഷ് ടങ്ങിന് മാത്രമാണ് വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയത്. വിക്കറ്റ് നേടാനായില്ലെങ്കിലും മികച്ച രീതിയില്‍ പന്തെറിയാന്‍ ടങ്ങിനായി.
ടീം സ്‌കോര്‍ 15ല്‍ നില്‍ക്കവെ പി.ജെ. മൂറിനെ മടക്കിയ ബ്രോഡാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. മൂറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ ബ്രോഡ് തന്റെ അടുത്ത ഓവറില്‍ ഇരട്ട വിക്കറ്റും സ്വന്തമാക്കി. ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയെയും കരുത്തനായ ഹാരി ടെക്ടറിനെയും പൂജ്യത്തിനാണ് ബ്രോഡ് മടക്കിയത്.
മൂന്ന് വിക്കറ്റ് വീണതോടെ അയര്‍ലന്‍ഡ് ഉണര്‍ന്നുകളിച്ചു. ഓപ്പണര്‍ ജെയിംസ് മക്കെല്ലവും പോള്‍ സ്‌റ്റെര്‍ലിങ്ങും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ടീം സ്‌കോര്‍ 19ല്‍ നില്‍ക്കവെ ഒന്നിച്ച ഇരുവരും മെല്ലെ സ്‌കോര്‍ബോര്‍ഡിന് ജീവന്‍ നല്‍കി. ഒടുവില്‍ 22ാം ഓവറില്‍ സ്‌റ്റെര്‍ലിങ്ങിനെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ച് ജാക്ക് ലീച്ച് ഇംഗ്ലണ്ടിനാവശ്യമായ ബ്രേക്ക് ത്രൂ നല്‍കി.
ടീം സ്‌കോര്‍ 98ല്‍ നില്‍ക്കവെ ജെയിംസ് മക്കെല്ലവും പുറത്തായി. 108 പന്തില്‍ നിന്നും 36 റണ്‍സ് നേടിയാണ് മക്കെല്ലം കളം വിട്ടത്. ബ്രോഡിന്റെ പന്തില്‍ റൂട്ടിന് ക്യാച്ച് നല്‍കിയാണ് മക്കെല്ലം പുറത്തായത്.
പിന്നാലെയെത്തിയവര്‍ ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഐറിഷ് പട നിന്ന് വിയര്‍ത്തു. അതിനിടെ മാര്‍ക് അഡയറിനെയും പുറത്താക്കി ബ്രോഡ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ബ്രോഡിന്റെ കരിയറിലെ 20ാം ഫൈഫറാണിത്.
On the honours board @HomeOfCricket for the THIRD time 👑
ലോര്‍ഡ്‌സിലെ ബ്രോഡിന്റെ ഈ അഞ്ച് വിക്കറ്റ് നേട്ടത്തിന് പ്രത്യേകതകളേറെയാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് താരം ലോര്‍ഡ്‌സില്‍ ഫൈഫര്‍ തികയ്ക്കുന്നത്. 2013ലാണ് ബ്രോഡ് ലോര്‍ഡ്‌സില്‍ അവസാനമായി ഫൈഫര്‍ നേടിയത്.
ഈ ഫൈഫറിന് പിന്നാലെ 600 വിക്കറ്റ് ക്ലബ്ബിലേക്കുള്ള ബ്രോഡിന്റെ ദൂരവും കുറഞ്ഞിരിക്കുകയാണ്. 162 മത്സരത്തില്‍ നിന്നുമായി 581 വിക്കറ്റ് നേടിയ ബ്രോഡിന് ഇനി 19 വിക്കറ്റ് കൂടിയാണ് എലീറ്റ് താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ആവശ്യമായുള്ളത്.
അഞ്ച് മെയ്ഡനടക്കം 17 ഓവര്‍ പന്തെറിഞ്ഞ് 51 റണ്‍സ് വഴങ്ങിയാണ് ബ്രോഡ് അഞ്ച് വിക്കറ്റ് നേടിയത്. 3.00 ആണ് താരത്തിന്റെ എക്കോണമി.
ബ്രോഡിന്റെ ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ അയര്‍ലന്‍ഡ് 56.2 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 20 റണ്‍സിന് പിറകിലാണ്. 25 ഓവറില്‍ 152ന് ഒന്ന് എന്ന നിലയിലാണ് ത്രീ ലയണ്‍സ്. 45 പന്തില്‍ നിന്നും 11 ബൗണ്ടറിയുടെ അകമ്പടിയോടെ 56 റണ്‍സ് നേടിയ സാക്ക് ക്രോളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഫിയോണ്‍ ഹാന്‍ഡിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് ക്രോളി മടങ്ങിയത്.