തെല്‍ അവീവ്: ഐ.ഡി.എഫ് ബന്ദികളെ വെടിവെച്ചുകൊന്നതിന് പിന്നാലെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തം. തെല്‍ അവീവിലെ തെരുവുകളിലേക്ക് പ്രതിഷേധവുമായി ജനങ്ങള്‍ ഇറങ്ങിയെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളുടെ മോചനത്തിനായി സര്‍ക്കാര്‍ നടപടികള്‍ ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച പ്രതിഷേധക്കാരുടെ വീഡിയോകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബന്ദികളുടെ മോചനത്തിനായി നെതന്യാഹു ഒന്നും ചെയ്യുന്നില്ല എന്നും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു.
നവംബര്‍ അവസാനം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു ബന്ദികളെ കൈമാറിയത് പോലെ ഇനിയും ബന്ദികൈമാറ്റം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ‘സമയം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്, ബന്ദികളെ അവരുടെ വീട്ടിലെത്തിക്കൂ, അവസാന ബന്ദിയും മോചിതനാകുന്നത് വരെ ജയമില്ല’, എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനങ്ങള്‍ പ്രതിഷേധിക്കുകയാണെന്നും ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ദികളുടെ ചിത്രങ്ങളും കയ്യിലേന്തി പ്രതിഷേധക്കാര്‍ ഇസ്രഈല്‍ സൈനിക ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയെന്ന് ഡി.പി.എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അബദ്ധത്തില്‍ മൂന്ന് ബന്ദികളെ വെടിവെച്ച് കൊന്നുവെന്ന് ഇസ്രഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി തന്നെയാണ് കുറ്റസമ്മതം നടത്തിയത്.
ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ചാണ് ഗസയില്‍ ബന്ധികള്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. യോതം ഹൈം(28), സമീര്‍ അല്‍-തലാല്‍ക്ക(25(, അലോണ്‍ ഷംരിസ്(26) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബന്ദികളെ കൈമാറുന്നത് സംബന്ധിച്ച് ഹമാസുമായി ഇസ്രഈലി സര്‍ക്കാര്‍ ഉടമ്പടിയിലെത്തുന്നത് വരെ നിരാഹര സമരം നടത്തുമെന്ന് ഇസ്രഈലി ബന്ദികളുടെ ബന്ധുക്കള്‍ ഭീഷണി മുഴക്കിയതായി കഴിഞ്ഞ ദിവസം മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബന്ദികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്താന്‍ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭീഷണിയുണ്ടായതെന്ന് ഇസ്രഈലി പത്രമായ യെദിയോത്ത് ആഹ്രോനോത് റിപ്പോര്‍ട്ട് ചെയ്തു.