രണ്ട് ദിവസത്തിനുള്ളില്‍ ഒരു പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എന്റെ മുന്‍പില്‍ വേറെ വഴിയുണ്ടാവില്ല; ലോക്ക്ഡൗണിനെ കുറിച്ച് ഉദ്ദവ് താക്കറെ
national news
രണ്ട് ദിവസത്തിനുള്ളില്‍ ഒരു പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എന്റെ മുന്‍പില്‍ വേറെ വഴിയുണ്ടാവില്ല; ലോക്ക്ഡൗണിനെ കുറിച്ച് ഉദ്ദവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd April 2021, 9:34 am

മുംബൈ: കൊവിഡ് നിരക്ക് ഇനിയും ഉയര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് ഉദ്ദവ് താക്കറെ അറിയിച്ചിരിക്കുന്നത്.

‘നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ സാധ്യത എനിക്ക് തള്ളിക്കളയാനാകില്ല. നമ്മള്‍ ക്യാച്ച് 22 സാഹചര്യത്തിലാണ്. സാമ്പത്തികരംഗം നോക്കണോ ആരോഗ്യം നോക്കണോ എന്നതാണ് ചോദ്യം.

കൊവിഡ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ നമ്മുടെ സംവിധാനങ്ങളില്‍ കുറവ് നേരിടുമെന്ന ഞാന്‍ നേരത്തെ തന്നെ അറിയിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ലോക്ക്ഡൗണിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ല. പക്ഷെ കൂടുതല്‍ ആളുകളോട് സംസാരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഒരു പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എനിക്ക് മുന്നില്‍ വേറെ വഴിയുണ്ടാവില്ല,’ ഉദ്ദവ് താക്കറെ പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാകുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗികളുണ്ടായ സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തില്‍ ആയിര കണക്കിന് പേര്‍ക്കാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 47,827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 202 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2020 മാര്‍ച്ചില്‍ രാജ്യത്ത് കൊവിഡ് വ്യാപകമാകാന്‍ തുടങ്ങിയ സമയം മുതലുള്ള കണക്കുകളെടുക്കുമ്പോള്‍ ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതി തീവ്രമായി തുടരുന്നതായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

കൊവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന 11 സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ദേശിയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ കൊവിഡ് വ്യാപനം തടയാനാവും എന്ന നിര്‍ദേശം ചില സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ വലിയ തിരിച്ചടി നേരിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ലോക്ക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാം എന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍പോട്ട് വെക്കുന്നത്.

ഭാഗിക ലോക്ക്ഡൗണോ, രാത്രികാല കര്‍ഫ്യൂവോ പ്രഖ്യാപിച്ച് നിയന്ത്രണങ്ങളാവാം എന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ വെച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Strict Restrictions Soon: Uddhav Thackeray On Maharashtra Covid Surge