യൂട്യൂബില്‍ തബ്‌നൈലിട്ട് പറ്റിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടി
national news
യൂട്യൂബില്‍ തബ്‌നൈലിട്ട് പറ്റിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2024, 3:56 pm

ന്യൂദല്‍ഹി: ഇന്ത്യയിലെ യൂട്യൂബ് പ്ലാറ്റ്ഫോമില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ഗൂഗിള്‍. യൂട്യൂബ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും തബ്‌നൈലും നല്‍കി ഉള്ളടക്കങ്ങളുടെ വ്യൂസ് വര്‍ധിപ്പിക്കുന്നതിനെതിരെയാണ് നടപടി. തലക്കെട്ട് വായിച്ച് എന്ത് ഉള്ളടക്കം കാണാനാണോ ആളുകള്‍ താത്പര്യപ്പെടുന്നത് അതുതന്നെയായിരിക്കണം ചാനലുകളില്‍ ഉണ്ടാകേണ്ടതെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കുമെന്നും വീണ്ടും നിയമം ലംഘിച്ചാല്‍ ചാനലിനെതിരെ സ്ട്രൈക്ക് ഉണ്ടാകുമെന്നും ഗൂഗിള്‍ അറിയിച്ചു.

പുതിയ മാറ്റങ്ങള്‍ ചാനലുകളില്‍ നടപ്പിലാക്കുന്നതിനായി ക്രിയേറ്റര്‍മാര്‍ക്ക് ഗൂഗിള്‍ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വീഡിയോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.

വിശ്വസനീയമായ ഉള്ളടക്കങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി 2025 ജനുവരി മുതല്‍ യൂട്യൂബ് കര്‍ശന നടപടി സ്വീകരിക്കും. ക്ലിക്ക്‌ബൈറ്റുകള്‍ക്കും യൂട്യൂബ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളിലൂടെ ആളുകള്‍ യൂട്യൂബ് പ്ലാറ്റ്ഫോമില്‍ കബളിക്കപ്പെടുകയാണെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ നടപടി ക്രമങ്ങള്‍ കുറിച്ച് ഗൂഗിള്‍ വ്യക്തത നല്‍കിയിട്ടില്ല.

ഗൂഗിളിന്റെ മുന്നറിയിപ്പില്‍ പറയുന്നത് അനുസരിച്ച് നിരവധി ചാനലുകള്‍ കേരളത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കയറിപ്പറ്റുന്നതും അധിക്ഷേപിക്കുന്നതുമായ ഉള്ളടക്കങ്ങളും തലക്കെട്ടുകളുമാണ് ഇത്തരം ചാനലുകള്‍ വ്യൂസ് വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്നത്.

Content Highlight: Strict action will be taken against those who violate the YouTube law: Google