സൗഹൃദം കഥ പറയുമ്പോഴും ലൈഫ് ഇല്ലാത്ത ലൈഫ് ലൈനുമായി എൽ.എൽ.ബി
Entertainment
സൗഹൃദം കഥ പറയുമ്പോഴും ലൈഫ് ഇല്ലാത്ത ലൈഫ് ലൈനുമായി എൽ.എൽ.ബി
നവ്‌നീത് എസ്.
Sunday, 4th February 2024, 5:06 pm

ക്യാമ്പസ് സൗഹൃദവും, പ്രണയവും, രാഷ്ട്രീയവുമെല്ലാം വിഷയമാക്കി മലയാളത്തിൽ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്.

അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് എൽ. എൽ. ബി. ലൈഫ് ലൈൻ ഓഫ് ബാച്ച്ലേർസ് എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൽ ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

സൗഹൃദത്തിന് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫറോക്ക് എ.സി.പി കൂടിയായ എം.എം. സിദ്ധിക്കാണ്. മുമ്പ് മലയാളത്തിൽ കണ്ടിട്ടുള്ള കോളേജ് പടങ്ങളിലെ എല്ലാ ചേരുവകളും കോർത്തിണക്കി തന്നെയാണ് എൽ.എൽ.ബിയും കഥ പറയുന്നത്. എന്നാൽ ചിത്രത്തിൽ ക്യാമ്പസ് രാഷ്ട്രീയത്തിനപ്പുറം മറ്റ് കാര്യങ്ങളാണ് കൂടുതലായി സംസാരിക്കുന്നത്.

വളരെ ക്ലീഷേ ആയ ഒരു കഥയോടൊപ്പം ഒട്ടും ബലമില്ലാത്ത തിരക്കഥയും കൂടെ ചേർന്നപ്പോൾ ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് ഒട്ടും ലൈഫ് ഇല്ലാതെ മുന്നോട്ട് നീങ്ങുകയാണ്. സിനിമയുടെ മേക്കിങ്ങിലോട്ട് വരുമ്പോഴും ഓൾഡ് സ്റ്റൈൽ മേക്കിങ് തന്നെയാണ് ചിത്രത്തിന്റെ വലിയൊരു നെഗറ്റീവ്.

പൂർണമായി മലബാർ ഏരിയയിൽ നടക്കുന്ന കഥയായിട്ടാണ് എൽ. എൽ. ബിയെ അവതരിപ്പിച്ചിട്ടുള്ളത്. കോഴിക്കോട്, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രങ്ങളിൽ പരാമർശിക്കുന്നത്. എന്നാൽ കഥാപാത്രങ്ങൾക്ക് പലർക്കും വ്യക്തമായ ഒരു സ്ലാങ് ഇല്ലാത്ത സ്ഥിതിയാണ്. നായകന്മാർ രണ്ടുപേരും കാസർഗോഡുക്കാരാണെന്ന് പറയുമ്പോഴും ആ രീതിയിൽ അല്ല അവരുടെ സംസാരം. എന്നാൽ ചില കഥാപാത്രങ്ങൾ കോഴിക്കോട് ഭാഷയിൽ വല്ലാതെ സംസാരിക്കുന്നുമുണ്ട്.

ഡബ്ബിങ് ആണ് മറ്റൊരു പ്രധാന പോരായ്മയായി ചിത്രത്തിൽ നിഴലിച്ചു നിൽക്കുന്നത്. ചില കഥാപാത്രങ്ങളുടെ ലിപ് മൂവ്മെന്റും സംഭാഷണങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങൾ തോന്നി. ചിത്രത്തിൽ ഇടയ്ക്ക് വരുന്ന മാധ്യമപ്രവർത്തകർ, ചെറിയ വേഷങ്ങളിൽ വരുന്നവരിലെല്ലാം ആ വ്യത്യാസം വളരെ പ്രകടമായിരുന്നു.

ആദ്യ പകുതി ഒരു ക്യാമ്പസ് ചിത്രം എന്ന നിലയിൽ തുടങ്ങി രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ മറ്റൊരു ട്രാക്കിലേക്ക് കയറുന്ന ചിത്രം പിന്നീട് ക്യാമ്പസ് ഴോണർ എന്നതിനോട് ഒട്ടും നീതിപുലർത്താതെ മറ്റൊരു തലത്തിലേക്ക് പോവുകയാണ്.

മുമ്പും മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് സിനിമ കടക്കുമ്പോഴും എത്രത്തോളം അത് പ്രേക്ഷകരുമായി കണക്റ്റ് ആവുന്നു എന്നതാണ് ചോദ്യം.

സുഹൃത്ത് ബന്ധത്തിന്റെ കഥ എന്ന തരത്തിൽ കണ്ടിരിക്കാവുന്ന ചില ഭാഗങ്ങൾ സിനിമയിലുണ്ട്. എന്നാൽ സസ്പെൻസുകൾ ഒളിപ്പിച്ച് കഥ പറയുന്ന ചിത്രത്തിലെ ട്വിസ്റ്റുകൾ പ്രേക്ഷകർക്ക്‌ ഊഹിക്കാൻ കഴിയുന്നവയാണ്. പാട്ടും ഡാൻസും പ്രണയവും സൗഹൃദവുമെല്ലാം കോർത്തിണക്കി ഒരു പക്കാ ക്യാമ്പസ് പടത്തിന്റെ എല്ലാം രുചി കൂട്ടുകളും ചേർക്കുമ്പോഴും അത് ഒരു പരിധി വരെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പ്രധാന താരങ്ങളുടെ പ്രകടനങ്ങൾ തന്നെയാണ്.

Content Highlight: Story Analysis LLB Movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം