ഫുട്‌ബോളിന്റെ വിശ്വ വിഹായസില്‍ താരമായി പലരും ഉദിച്ചുയര്‍ന്നേക്കാം, എന്നാല്‍ സൂര്യനായി ജ്വലിക്കുന്നത് ഒരാള്‍ മാത്രം
Sports News
ഫുട്‌ബോളിന്റെ വിശ്വ വിഹായസില്‍ താരമായി പലരും ഉദിച്ചുയര്‍ന്നേക്കാം, എന്നാല്‍ സൂര്യനായി ജ്വലിക്കുന്നത് ഒരാള്‍ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th December 2022, 8:04 am

 

ട്രസ് കോറകോസ് എന്ന ചെറുപട്ടണത്തിലെ ബാറു എന്ന വളരെ ചെറിയ ഗ്രാമത്തിലെ റൂബന്‍ അരൂഡ തെരുവാണ് പെലെയുടെ കളിസ്ഥലം. ആ റോഡ് അവസാനിക്കുന്ന ഒരു കവാടം വരെ പഴയ കാലുറയില്‍ തുണി കുത്തിനിറച്ച് ചുരുട്ടിയ പന്തിലാണ് പെലെ കളിച്ചുവളര്‍ന്നത്.

ചെളിയില്‍ പുതഞ്ഞ് പന്ത് കനം വെക്കുമ്പോള്‍ അതടിച്ചുവീഴ്ത്താന്‍ പെലെയും കൂട്ടുകാരും വിഷമിക്കും. എങ്കിലും ആ ക്ലേശത്തിനു പിന്നില്‍ ഒരു ആനന്ദമുണ്ടായിരുന്നു. അതിലൊരു പരുവപ്പെടലിന്റെ തത്വശാസ്ത്രമുണ്ടായിരുന്നു. അവിടെ നിന്നും ലോകത്തിന്റെ നെറുകയിലേക്കായിരുന്നു എഡ്‌സണ്‍ അരാന്റെസ് ഡോ നാസിമെന്റോ എന്ന പെലെ നടന്നുകറിയത്.

അവിടെ നിന്നും ഫുട്‌ബോള്‍ എന്നാല്‍ പെലെ എന്നും പെലെ എന്നാല്‍ ഫുട്‌ബോള്‍ എന്നും ലോകം വാഴ്ത്തിപ്പാടി. മോഡേണ്‍ ഡേ ഫുട്‌ബോളിലെ ഗ്രേറ്റസ്റ്റ് ഓഫ് ടൈം എന്ന വിശേഷണത്തിന് അര്‍ഹരായവര്‍ പലരും ഉണ്ടായേക്കാം. എന്നാല്‍ ഫുട്‌ബോളിന്റെ ചക്രവര്‍ത്തി അത് പെലെ മാത്രമായിരിക്കും.

കറുത്ത മുത്തെന്ന് ലോകം വാഴ്ത്തിപ്പാടിയ കാനറികളുടെ സ്വകാര്യ അഹങ്കാരം. ഗോളടിക്കയെന്നത് ശ്വാസോച്ഛാസം പോലെ അവിഭാജ്യമായിരുന്നു അദ്ദേഹത്തിന്.

15ാം വയസില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടി പന്ത് തട്ടിയാണ് അദ്ദേഹം പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തേക്ക് കാലെടുത്ത് വച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് ഗോളടിച്ച് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയൊന്നാകെ തന്നിലേക്കാവാഹിച്ചു.

തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ ടീമില്‍ ഇടം നേടാനും പെലെക്ക് സാധിച്ചു. തുടര്‍ന്നങ്ങോട്ട് കുതിപ്പിലും കിതപ്പിലും ടീമിന്റെ കരുത്തായി. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ഐതിഹാസികമായ കരിയറിലെ 1363 മത്സരത്തില്‍ നിന്നും 1276 ഗോളുകള്‍, സാന്റോസിന്റെും ന്യൂയോര്‍ക്ക്‌കോസ്‌മോസിന്റെയും എക്കാലത്തേയും മികച്ച താരം. വാക്കുകള്‍ കൊണ്ട് പെലെയെയോ പെലെയുടെ കളി മികവിനെയോ അദ്ദേഹം നേടിയ ഗോളുകളെയോ വര്‍ണിക്കുകയെന്നത് ആര്‍ക്കും സാധ്യമാകാത്ത കാര്യമാണ്.

മൂന്ന് ലോകകപ്പുകളില്‍ ബ്രസീലിനൊപ്പം വിശ്വവിജയിയായി. മൂന്ന് ലോകകപ്പ് നേടിയ ഒരു ടീമില്‍ അംഗമായ ഏക താരം എന്ന അത്യപൂര്‍വമായ നേട്ടവും അദ്ദേഹത്തിന് മാത്രമായിരുന്നു.

തന്റെ കരിയറില്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമെന്ന് വിശേഷിപ്പിക്കപ്പെട്ട ബാലണ്‍ ഡി ഓര്‍ ഒരിക്കല്‍ പോലും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 1995 വരെ യൂറോപ്യന്‍ താരങ്ങളെ മാത്രമായിരുന്നു ഇതിന് പരിഗണിച്ചിരുന്നത് എന്ന കാരണത്താലായിരുന്നു പെലെക്ക് ഒരിക്കല്‍ പോലും ഈ നേട്ടം സാധിക്കാതെ പോയത്. ഒടുവില്‍ 2014ല്‍ അദ്ദേഹത്തിന് ആദര സൂചകമായി ബാലണ്‍ ഡി ഓര്‍ നല്‍കുക പോലുമുണ്ടായി.

എന്നാല്‍ ഇത്തരത്തിലൊരു മാനദണ്ഡമില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ലോകം ഗോട്ട് എന്ന് വാഴ്ത്തിപ്പാടുന്ന ലയണല്‍ മെസിക്കും മുമ്പ് ഏഴ് തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ താരം പെലെ ആകുമായിരുന്നു എന്നായിരുന്നു ഫ്രഞ്ച് ഔട്ട്‌ലെറ്റായ ഫ്രാന്‍സ് ഫുട്‌ബോള്‍ എഴുതിയത്.

ബാലണ്‍ ഡി ഓറിന്റെ കാര്യത്തില്‍ മാത്രമല്ല, സൂപ്പര്‍ ബാലണ്‍ ഡി ഓറിന്റെ കാര്യത്തിലും അതുതന്നെയായിരുന്നു സംഭവിച്ചത്. ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ നല്‍കപ്പെട്ടത്. മുപ്പത് വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനായിരുന്നു സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ നല്‍കിയത്.

ഫ്രാന്‍സ് ഫുട്ബള്‍ മാഗസിന്‍ അതിന്റെ 30ാം വാര്‍ഷികം ആഘോഷിച്ച വേളയിലായിരുന്നു സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ നല്‍കിയത്. ഈ മത്സരത്തിന്റെ അവസാന സ്ഥാനങ്ങളിലെത്താന്‍ പോലും പെലെക്ക് സാധിച്ചിരുന്നില്ല, കാരണം ഇതും യൂറോപ്യന്‍ താരങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു എന്നതുതന്നെ.

ഒടുവില്‍ യോഹാന്‍ ക്രൈഫിനെയും മൈക്കല്‍ പ്ലാറ്റിനിയെയും പിന്തള്ളി ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ ആ നേട്ടത്തില്‍ മുത്തമിടുകയായിരുന്നു. യൂറോപ്പിലെയല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരത്തിനാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ നല്‍കുന്നതെങ്കില്‍ മത്സരത്തിന് പോലും ഇടയില്ലാതെ അതിന് ഉടമെ പെലെ ആകുമായിരുന്നു.

പെല ബൂട്ടഴിച്ച് 42 വര്‍ഷങ്ങള്‍ക്കിപ്പുറവും പെലെ സൃഷ്ടിടച്ച ആ ശൂന്യത ഇന്നും അങ്ങനെ തന്നെ തുടരുകയാണ്. അദ്ദേഹമൊഴിച്ചിട്ട സിംഹാസനത്തില്‍ ഇരിക്കാന്‍ ഒരാള്‍ പോലും ഇനിയും പിറന്നിട്ടില്ല. ഫുട്‌ബോളിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും ആ അഞ്ചടി എട്ടിഞ്ചുകാരനെ തന്നെയാണ് ഇപ്പോഴും വലം വെക്കുന്നത്.

ഫുട്‌ബോളിന്റെ വിശ്വ വിഹായസില്‍ താരമായി പലരും ഉദിച്ചുയര്‍ന്നേക്കാം, എന്നാല്‍ സൂര്യനായി ജ്വലിക്കുന്നത് ഒരാള്‍ മാത്രം

അവിശ്വസനീയവും അവര്‍ണനീയവുമായി അദ്ദേഹത്തിന്റെ കരിയറില്‍ മൂന്ന് ലോകകപ്പിനും ഫിഫയുടെ 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരം എന്ന പുരസ്‌കാരത്തിനും പുറമെ എണ്ണിയാലൊടുങ്ങാത്ത നേട്ടമാണ് പെലെ സ്വന്തമാക്കിയത്.

ഫുട്‌ബോളിന്റെ വിശ്വ വിഹായസില്‍ താരമായി പലരും ഉദിച്ചുയര്‍ന്നുവെങ്കിലും സൂര്യനായി ജ്വലിക്കുന്നത് ഒരാള്‍ മാത്രമാണ്.

പെലെയുടെ ആരോഗ്യനിലയെ കുറിച്ചുള്ള ഓരോ വാര്‍ത്തകള്‍ വരുമ്പോഴും ഫുട്‌ബോള്‍ ലോകം ഒന്നടങ്കം അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ആ പ്രാര്‍ത്ഥനകളെയെല്ലാം വിഫലമാക്കിക്കൊണ്ട് തന്റെ പ്രിയ കൊമ്രേഡ് മറഡോണക്കൊപ്പം സ്വര്‍ഗത്തില്‍ വെച്ച് പന്ത് തട്ടാന്‍ അദ്ദേഹം യാത്രയാവുകയായിരുന്നു.

 

 

Content Highlight: Story about Pele