ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയാണ് നാഥുറാം ഗോദ്സെയെന്ന പരാമര്‍ശത്തില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരേ പത്തിലേറേ കേസുകള്‍. ചെന്നൈയിലുള്‍പ്പെടെ പലയിടത്തും ബി.ജെ.പി.പ്രവര്‍ത്തകരും ഹൈന്ദവ സംഘടനകളും നല്‍കിയ പരാതികളിലാണ് കേസെടുത്തത്.
വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് അറവാകുറിച്ചി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് വിവിധ പൊലീസ് സ്‌റ്റേഷനിലായി കമലിനെതിരെ കേസെടുത്തത്.
50 ബി.ജെ.പി. പ്രവര്‍ത്തകര്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ ചെന്നൈ മടിപ്പാക്കം പോലീസ് കേസെടുത്തു. അഖിലഭാരത ഹിന്ദുമഹാസഭയുടെ പരാതിയില്‍ വിരുഗമ്പാക്കം പോലീസും കേസെടുത്തു. ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. മധുരയിലും പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമല്‍ നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കമല്‍ഹാസന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി. അവധിക്കാല ബെഞ്ചില്‍ കേസ് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കോടതി മുന്‍കൂര്‍ജാമ്യം തേടി ഹരജി നല്‍കാന്‍ നിര്‍ദേശിച്ചു.
അതേസമയം ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി മാത്രം പ്രവൃത്തിക്കാനല്ല രാഷ്ട്രീയത്തിലിറങ്ങിയതെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. ഒരു മതത്തിനും എതിരല്ലെന്നും നന്മയ്ക്ക് വേണ്ടി എല്ലാ മതത്തെയും വിമര്‍ശിക്കുമെന്നും കമല്‍ പറഞ്ഞു. തന്റെ പ്രസ്താവന ചരിത്ര സത്യമാണ്. സത്യത്തിന് കയ്പാണ്. അത് മരുന്നാണ്. എന്നാല്‍ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും കമല്‍ ആരോപിച്ചു.
പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് രണ്ടുദിവസമായി പ്രചാരണപരിപാടികള്‍ റദ്ദാക്കിയ കമല്‍ ബുധനാഴ്ച വീണ്ടും പര്യടനമാരംഭിച്ചു. താന്‍ ഹിന്ദുക്കള്‍ക്ക് എതിരല്ലെന്നും തന്റെ വീട്ടിലും ഹിന്ദുക്കളുണ്ടെന്നും കമല്‍ പറഞ്ഞു. താന്‍ വിശ്വസിയല്ലെന്നത് കാര്യമാക്കേണ്ടതില്ല. മകള്‍ ക്ഷേത്രത്തില്‍ പോകാറുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
‘ഇവിടെ ഒരുപാട് മുസ്ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.