ആ നടിക്ക് ഭംഗി കൂടിപ്പോയതാണ് കുഴപ്പം, ഏത് ഡ്രെസിട്ടാലും നോര്‍മലായി തോന്നില്ല: സ്‌റ്റെഫി സേവ്യര്‍
Film News
ആ നടിക്ക് ഭംഗി കൂടിപ്പോയതാണ് കുഴപ്പം, ഏത് ഡ്രെസിട്ടാലും നോര്‍മലായി തോന്നില്ല: സ്‌റ്റെഫി സേവ്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th June 2023, 12:33 pm

ഏത് വസ്ത്രം ധരിച്ചാലും ചേരുന്ന നടിയായി തോന്നിയിട്ടുള്ളത് മംമ്ത മോഹന്‍ദാസിനെയാണെന്ന് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍. മംമ്തക്ക് ഭംഗി കൂടിപ്പോയതാണ് കുഴപ്പമെന്നും അതിനാല്‍ ഏത് വസ്ത്രം ധരിച്ചാലും നോര്‍മല്‍ ലുക്കിലേക്ക് മാറ്റാന്‍ പാടാണെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റെഫി പറഞ്ഞു.

‘ഏത് ഡ്രസ് ഇട്ടാലും ചേരുന്ന നടി മംമ്ത മോഹന്‍ദാസാണ്. അവര്‍ക്ക് ഭംഗി കൂടിപ്പോയതാണ് പ്രശ്‌നം എന്ന് തോന്നിയിട്ടുണ്ട്. ഒരു ഡ്രസ് മംമ്ത ഇടുമ്പോള്‍ എങ്ങനെ നോര്‍മലാക്കി എടുക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ചാക്കോച്ചന്‍, ടൊവിനോ, പൃഥ്വിരാജ്, ആസിഫ് ഇവരൊക്കെ ഏത് ഡ്രസിട്ടാലും ശരീരത്തിന് ചേരും.

ചില സിനിമ ചെയ്യുമ്പോള്‍ സംവിധായകനോ ഡി.ഒ.പിയോ ചില റഫറന്‍സുകള്‍ തരാറുണ്ട്. അമേരിക്കയിലെ ഏതെങ്കിലും ഫോറിന്‍ മോഡല്‍ ഇട്ടതായിരിക്കും നമുക്ക് റഫറന്‍സ് തരുന്നത്. അതെടുത്ത് കാണിച്ചിട്ട് ഇതാണ് വേണ്ടതെന്ന് പറയും. ഇത് ഇവിടെ ഉള്ള ആളുകളുടെ ബോഡി ഷെയ്പ്പിലേക്ക് മാറുമ്പോള്‍ ലുക്ക് എല്ലാം മാറും. നമ്മുടേത് കുറച്ചൂടെ കേര്‍വി ആയിട്ടുള്ള ബോഡി ഷെയ്പ്പാണ്. അപ്പോള്‍ ഇവരെ ഇത് എങ്ങനെ പറഞ്ഞുമനസിലാക്കും എന്ന് വിചാരിക്കും.

പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും വേണ്ടി കോസ്റ്റ്യൂം ചെയ്യുമ്പോള്‍ വളരെ എളുപ്പമായി തോന്നാറുണ്ട്. ചാക്കോച്ചന്റെ കൂടെയാണ് ഏറ്റവും കൂടുതല്‍ സിനിമ ചെയ്തിട്ടുള്ളത്. 2015ലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പടം ചെയ്തിട്ടുള്ളത്.

പൃഥ്വിരാജിന്റെ കൂടെ ആദ്യം ഡാര്‍വിന്റെ പരിണാമം എന്ന സിനിമയാണ് ചെയ്തത്. അന്നിട്ട ആ പാന്റൊന്നും പുള്ളിക്ക് ഫിറ്റല്ലായിരുന്നു. എന്നിട്ടും അത് ധരിച്ച് ഷൂട്ട് ചെയ്തു. ഈ സീന്‍ രണ്ടുമൂന്ന് മണിക്കൂര്‍ പോകും, ഉച്ച കഴിഞ്ഞ് എന്റെ ഫിറ്റിങ്ങിലുള്ള കുറച്ച് ഡ്രസ് കൊണ്ടുവരാനാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്. വേറെ ആരെങ്കിലുമാണെങ്കില്‍ ആ കോസ്റ്റ്യൂം ഇട്ട് പുറത്ത് വരുക പോലും ചെയ്യില്ലെന്നാണ് എനിക്ക് തോന്നുന്നത്,’ സ്റ്റെഫി പറഞ്ഞു.

അതേസമയം സ്റ്റെഫി ആദ്യമായി സംവിധായികയാവുന്ന മധുര മനോഹര മോഹം റിലീസിനൊരുങ്ങുകയാണ്. ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ആര്‍ഷ ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ജൂണ്‍ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: stephy zaviour about mamtha mohandas