ഡൂപ്ലെസി നാളെ കളിക്കില്ല; നമുക്കുള്ളത് സീനിയര്‍ താരങ്ങളാണ്; ടീമിന്റെ തന്ത്രങ്ങളും അത് അനുസരിച്ചാണ്; ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങ്
ipl 2018
ഡൂപ്ലെസി നാളെ കളിക്കില്ല; നമുക്കുള്ളത് സീനിയര്‍ താരങ്ങളാണ്; ടീമിന്റെ തന്ത്രങ്ങളും അത് അനുസരിച്ചാണ്; ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th April 2018, 11:12 pm

മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണിനു നാളെ മുംബൈയില്‍ തുടക്കം കുറിക്കുകയാണ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും രണ്ടുവര്‍ഷത്തെ വിലക്കിനുശേഷം ടൂര്‍ണ്ണമെന്റിലേക്ക് മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സുമാണ് ഏറ്റുമുട്ടുക.

താരലേലത്തില്‍ സീനിയര്‍ താരങ്ങളെ വാങ്ങിക്കൂട്ടിയ ചെന്നൈസൂപ്പര്‍ കിങ്ങ്‌സിനെ വയസ്സന്മാരുടെ പടയെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുമ്പോഴും സീനിയര്‍ താരങ്ങളാണ് തങ്ങളുടെ ശക്തി എന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങ്. പരിചയസമ്പന്നരായ താരങ്ങള്‍ക്ക് ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിയുമെന്നാണ് ഫ്‌ളെമിങ്ങ് അഭിപ്രായപ്പെടുന്നത്.

ചെന്നൈ  ടീമിലുള്ള മിക്ക താരങ്ങളും ടൂര്‍ണ്ണമെന്റിലെ തന്നെ സീനിയര്‍ താരങ്ങളാണ്. ഷെയ്ന്‍ വാട്‌സണ്‍, എം.എസ് ധോണി, ഹര്‍ഭജന്‍ സിങ്ങ്, ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയ താരങ്ങള്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഫ്‌ളെമിങ്ങ് പറയുന്നത്.

“എല്ലായിപ്പോഴും മറ്റൊരു പ്ലാന്‍കൂടിയുണ്ടാകും. ഞാന്‍ എല്ലായിപ്പോഴും അനുഭവസമ്പത്തിനാണ് പ്രാധാന്യം നല്‍കുന്നത്. പരിചയസമ്പന്നരായ താരങ്ങളാണ് എല്ലായിപ്പോഴും ടൂര്‍ണ്ണമെന്റുകളുടെ നല്ലൊരു ഭാഗവും നിര്‍ണ്ണയിക്കുക.” ഫ്‌ളെമിങ്ങ് പറഞ്ഞു. “ബ്രാവോയും വാട്‌സണും നല്ല പോരാളികളാണ്, ഹര്‍ഭജന്‍ നല്ല കഴിവുള്ള താരവും ധോണി മികച്ച നേതാവും. ഇവരെല്ലാം മികച്ച് നില്‍ക്കുന്നവരാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളത്തെ മത്സരത്തെക്കുറിച്ച് സംസാരിച്ച ഫ്‌ളെമിങ്ങ് പരിക്കില്‍ നിന്നു പൂര്‍ണ്ണമോചനം നേടാത്ത ദക്ഷിണാഫ്രിക്കന്‍ താരം ഡൂപ്ലെസി കളിക്കുകയില്ലെന്നും വ്യക്തമാക്കി. നാളത്തെ മത്സരത്തില്‍ താരത്തെ നഷ്ടമാവുമെങ്കിലും സീസണിലെ മറ്റു മത്സരങ്ങള്‍ക്കായി അദ്ദേഹത്തെ ആവശ്യമുള്ളതുകൊണ്ട് വിശ്രമം നല്‍കേണ്ടതുണ്ടെന്നും ഫ്‌ളെമിങ്ങ് കൂട്ടിച്ചേര്‍ത്തു.


ഐ.പി.എല്ലി‍ന്‍റെ സൂപ്പര്‍ വീഡിയോ കാണാം: