മുസ്‌ലീം സമുദായം അടക്കം ക്രൈസ്തവരെ ആക്ഷേപിക്കുകയാണ്; ക്രൈസ്തവ-മുസ്‌ലിം ബന്ധങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം അകല്‍ച്ച രൂപപ്പെട്ടെന്നും ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍
India
മുസ്‌ലീം സമുദായം അടക്കം ക്രൈസ്തവരെ ആക്ഷേപിക്കുകയാണ്; ക്രൈസ്തവ-മുസ്‌ലിം ബന്ധങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം അകല്‍ച്ച രൂപപ്പെട്ടെന്നും ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th January 2021, 4:09 pm

കോഴിക്കോട്: കേരളത്തിലെ ക്രൈസ്തവ-മുസ്‌ലിം ബന്ധങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം അകല്‍ച്ച രൂപപ്പെട്ടിട്ടുണ്ടെന്നത് വസ്തുതയാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായ ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

എല്ലാ മതങ്ങളെയും ഏറെ ആദരവോടെ കാണുകയും മനുഷ്യനെന്ന ദൈവത്തിന്റെ മഹത്തരസൃഷ്ടിക്ക് ഏറ്റവും അധികം വില കല്‍പ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് ക്രൈസ്തവരെന്നും കേരളത്തിന്റെ നവോത്ഥാനമുന്നേറ്റത്തില്‍ വലിയ സംഭാവനചെയ്ത ക്രൈസ്തവസമൂഹം സകല മനുഷ്യരുടെയും നന്മയും ഉയര്‍ച്ചയും മാത്രം ലക്ഷ്യമാക്കിയാണ് അന്നും ഇന്നും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസ-ആരോഗ്യ-ആതുരശുശ്രൂഷ-ജീവകാരുണ്യരംഗത്ത് സഭയുടെ ശുശ്രൂഷകള്‍ക്ക് ഒരിക്കലും ജാതിയും മതവുമില്ലായിരുന്നു. മുസ്‌ലിം സമുദായവും ഈ സേവന ശുശ്രൂഷകളുടെ ഗുണഭോക്താക്കളാണ്. വളര്‍ച്ചനേടിയ ഇന്നത്തെ തലമുറ ഇതെല്ലാം മറക്കുന്നു. നിരന്തരം ക്രൈസ്തവരെ ആക്ഷേപിക്കുന്നു. ഏറക്കാലം ഇതെല്ലാം കേട്ടും അനുഭവിച്ചും നിശ്ശബ്ദരായിരുന്നവര്‍ ഇതിനെതിരെ ഇപ്പോള്‍ പ്രതികരിക്കുന്നു. അത്രമാത്രം. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മതത്തിന്റെ പേരില്‍ ജനങ്ങളെ അതിക്രൂരമായി കൊന്നൊടുക്കുന്ന ഭീകരവാദത്തെയും ഭീകരവാദ, തീവ്രവാദ പ്രസ്ഥാനങ്ങളെയും ക്രൈസ്തവസമൂഹം എതിര്‍ക്കുമെന്നും ബദല്‍ ഭീകരവാദം സൃഷ്ടിക്കുക സഭയുടെ രീതിയും ശൈലിയുമല്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ഭീകരവാദികളോ തീവ്രവാദികളോ എന്നൊന്നില്ല. അവിടെയാണ് ക്രൈസ്തവസഭ ഇന്നത്തെ ലോകത്ത് വ്യത്യസ്തമാകുന്നത്.

കള്ളനോട്ടും കള്ളക്കടത്തും തീവ്രവാദവും അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലം വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ അപലപിക്കുന്നവര്‍ക്ക് ഹാഗിയ സോഫിയയെ ന്യായീകരിക്കാന്‍ എന്താണവകാശം? രണ്ടും പൊതുസമൂഹത്തില്‍ തീരാക്കളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സംവരണവിഷയത്തില്‍ ക്രൈസ്തവര്‍ക്കുള്ള അഭിപ്രായവ്യത്യാസമെന്താണെന്ന ചോദ്യത്തിന് കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സംവരണ ശതമാനത്തിന് ഒരു കുറവും വരുന്നതല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണമെന്നും എന്നിട്ടും, ഇതിനെ എതിര്‍ക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

17 കോടിയിലേറെ വരുന്ന ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയില്‍ 10 കോടിയിലേറെ ജനങ്ങള്‍ക്ക് അഥവാ 63 ശതമാനത്തിന് ഒരു സംവരണവുമില്ലായിരുന്നു. ഇവര്‍ക്കെല്ലാം സാമ്പത്തിക സംവരണം ഗുണം ചെയ്യുമ്പോഴാണ് കേരളത്തില്‍ സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് ഉള്‍പ്പെടെയുള്ളവര്‍ വിരുദ്ധനിലപാട് സ്വീകരിച്ച് കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സംവരണമൊഴിച്ച് ബാക്കിയുള്ളവയെല്ലാം ജാതി അടിസ്ഥാനത്തിലാണെന്നിരിക്കെ കേരളത്തില്‍ മത-സാമുദായിക സംവരണം തുടരുന്നത് ഭരണഘടനവിരുദ്ധമാണ്. സംസ്ഥാന രൂപവത്കരണത്തിനു മുമ്പ് 1936ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് മുസ്‌ലിം മതസംവരണമുണ്ടായി.

1950കളില്‍ സമുദായ സംവരണമായി വ്യാഖ്യാനിക്കപ്പെട്ട് അതേ രീതിയില്‍ തുടര്‍ന്നു. സംസ്ഥാന രൂപവത്കരണത്തിനു ശേഷവും ഭരണഘടനവിരുദ്ധമായ ഈ മതസംവരണമാണ് തുടരുന്നത്. 1956ല്‍ കേരളത്തില്‍ സംവരണം 50 ശതമാനമാക്കി 40 ശതമാനം ഒ.ബി.സി വിഭാഗത്തിന് മാറ്റിവെച്ചു. ൗ വിഭാഗത്തില്‍ 10 ശതമാനം മുസ്‌ലിം സമൂഹത്തിന് ലഭിച്ചിരുന്നത് ഭരണത്തിലേറിയവര്‍ പിന്നീട് 12 ശതമാനമായി ഉയര്‍ത്തി.

ഇങ്ങനെ നിലവിലുള്ള സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഒരു മതവിഭാഗമൊന്നാകെ അനുഭവിക്കുമ്പോള്‍ ഒരു സംവരണവുമില്ലാത്ത സ്വന്തം ജനവിഭാഗത്തിലുള്‍പ്പെടെയുള്ള ഇന്ത്യയിലെ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് ശരിയാണോ എന്ന് പുനര്‍വിചിന്തനം നടത്തണമെന്നും ഷവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: State miority department insults us Chevalier Adv VC Sebastien