ന്യൂദല്‍ഹി: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ദല്‍ഹിയില്‍ നടത്തേണ്ടിയിരുന്ന ഷോ റദ്ദാക്കി. പരിപാടി നടത്താന്‍ ദല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷോ റദ്ദാക്കിയത്.
സാമുദായിക സൗഹാര്‍ദം (communal harmony) കാത്തുസൂക്ഷിക്കാനുള്ള നടപടി എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. പ്രദേശത്തെ സാമുദായിക സൗഹാര്‍ദത്തെ പരിപാടി ബാധിക്കും എന്നാണ് ദല്‍ഹി പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
മുനവര്‍ ഫാറൂഖിയുടെ പരിപാടി നടത്താന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത് ദല്‍ഹി പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. പരിപാടി നടന്നാല്‍ സാമുദായിക സൗഹാര്‍ദം തകരും എന്നായിരുന്നു കത്തില്‍ പറഞ്ഞത്.
ഹിന്ദു ദൈവങ്ങളെയും ദേവതകളെയും കളിയാക്കിക്കൊണ്ട് മുനവര്‍ ഫാറൂഖി സംസാരിക്കുമെന്നും ഈയിടെ അത്തരത്തില്‍ ഹൈദരാബാദില്‍ നടത്തിയ ഷോ സാമുദായിക സംഘര്‍ഷത്തിന് വഴിവെച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്.
വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്ര കുമാര്‍ ഗുപ്തയായിരുന്നു വ്യാഴാഴ്ച ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്. പരിപാടിക്ക് അനുമതി നല്‍കുകയാണെങ്കില്‍ വി.എച്ച്.പിയും ബജ്‌രംഗ് ദളും പ്രതിഷേധസമരം നടത്തുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൊലീസില്‍ നിന്നുള്ള പ്രതികരണമനുസരിച്ച്, ദല്‍ഹി സെന്‍ട്രല്‍ ഡിസ്ട്രിക്ട് പൊലീസ് ലൈസന്‍സിങ് യൂണിറ്റിന് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേ ദിവസം തന്നെയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതും.