ന്യൂയോര്‍ക്ക്: മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യയുടെ മനുഷ്യാവകാശത്തിന് എക്കാലവും ഒരു കളങ്കമായിരിക്കുമെന്ന് യു.എന്‍ വിദഗ്ധ മേരി ലോലര്‍.
കസ്റ്റഡിയിലുള്ള സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ നടുങ്ങിപ്പോയെന്നും അവര്‍ പറഞ്ഞു.
ഒരു മനുഷ്യാവകാശ സംരക്ഷകന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഒരു കാരണവുമില്ലെന്നും അദ്ദേഹത്തിന്റെ മരണം ഇന്ത്യയുടെ മനുഷ്യാവകാശത്തിന് ഒരു കറയായി തുടരുമെന്നുമാണ് മേരി ലോലര്‍ പറഞ്ഞത്.
മനുഷ്യാവകാശ സംരക്ഷകരെയും നിയമപരമായ അടിസ്ഥാനമില്ലാതെ തടങ്കലിലാക്കിയ എല്ലാവരെയും വിട്ടയക്കണമെന്ന് സ്റ്റാന്‍ സ്വാമിയുടെ കേസ് എല്ലാ രാജ്യങ്ങളും ഓര്‍മ്മയില്‍ വെക്കണമെന്നും അവര്‍ പറഞ്ഞു.
” മനുഷ്യാവകാശ സംരക്ഷകരെ തീവ്രവാദിയായി കണക്കാക്കുന്നതിന് ഒരു ഒഴികഴിവുമില്ല,” മേരി ലോലര്‍ പറഞ്ഞു. സ്റ്റാന്‍ സ്വാമിക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും ലോലര്‍ പറഞ്ഞു.
സ്റ്റാന്‍ സ്വാമി ജയിലില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യു.എന്നും യൂറോപ്യന്‍ യൂണിയനും നേരത്തെ രംഗത്തെത്തിയിരുന്നു.
ജൂലൈ അഞ്ചിനാണ് സ്റ്റാന്‍ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയായിരുന്നു അന്ത്യം.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വാദം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ജാമ്യഹരജിക്ക് പുറമെ അറസ്റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകള്‍ക്കെതിരെ കഴിഞ്ഞദിവസം സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു.
മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.