ചെന്നൈ; തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ബി.ജെ.പി രാജ്യത്ത് മതം ഉപയോഗിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മതം ആളുകളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമല്ലെന്നും അത് ചെയ്യുന്നവര്‍ യഥാര്‍ത്ഥ ആത്മീയവാദികളാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നടക്കുന്നവര്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി ഡി.എം.കെ കൊണ്ടുവരുന്ന പദ്ധതികളെ കുറിച്ച് അറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബി.ജെ.പി യഥാര്‍ത്ഥ ആത്മീയവാദികളല്ല, അവര്‍ കപടവിശ്വാസികളാണ്, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ മതത്തെ ഉപയോഗപ്പെടുത്തുകയാണ്,’ സ്റ്റാലിന്‍ പറഞ്ഞു.
തിരുവണ്ണാമലയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. താന്‍ ഒരു മതത്തിനും എതിരല്ലെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ഡി.എം.കെയെയോ സര്‍ക്കാരിനെയോ നയിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്ര പുനരുദ്ധാരണം ദ്രാവിഡ ഭരണ മാതൃകയാണോ എന്ന് തോന്നുന്നുണ്ടെങ്കില്‍ അത്തരം ഭരണ മാതൃക തുല്യ വികസനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാനാണ് ജസ്റ്റിസ് പാര്‍ട്ടി 1925ല്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്റ്റ് നടപ്പിലാക്കിയത്.
മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന ആളുകളുടെ യഥാര്‍ത്ഥ ഉദ്ദേശം മതത്തോടുള്ള വിശ്വാസമല്ലാത്തതിനാല്‍ ആക്ടിനെ കുറിച്ച് അറിയാന്‍ വഴിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
Content Highlight: Stalin says that bjp is using religion to attain their needs