2009ല്‍ മലയാളത്തിലെ വന്‍ താരനിര ഒന്നിച്ച് എത്തിയ ആന്തോളജി ചിത്രമായിരുന്നു കേരള കഫേ. ലാല്‍ ജോസ്, ഷാജി കൈലാസ്, അന്‍വര്‍ റഷീദ്, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണന്‍, രേവതി, അഞ്ജലി മേനോന്‍, എം. പത്മകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഉദയ് അനന്തന്‍ തുടങ്ങിയ പത്ത് സംവിധായകര്‍ ചേര്‍ന്നായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.
രഞ്ജിത്ത് നിര്‍മിച്ച കേരള കഫേയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത പുറം കാഴ്ചകളില്‍ നായകനായത് മമ്മൂട്ടിയായിരുന്നു. അതില്‍ നടി ശിവദയും അഭിനയിച്ചിരുന്നു. ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും മമ്മൂട്ടിയെ കാണാന്‍ സാധിക്കാതെ പോയതിനെ കുറിച്ചും പറയുകയാണ് ശിവദ. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘നീലത്താമര സിനിമയുടെ ഓഡിഷന്റെ സമയത്ത് ഞാന്‍ ലാല്‍ ജോസ് സാറിനെ കണ്ടിരുന്നു. പിന്നെ രഞ്ജിത്ത് സാറിനെ പാലേരി മാണിക്യത്തിന്റെ ഓഡിഷന് വേണ്ടി പോയപ്പോഴും കണ്ടു. പക്ഷേ ആ രണ്ട് സിനിമകളും നടന്നില്ല. അതൊക്കെ കഴിഞ്ഞപ്പോള്‍ പിന്നെ രഞ്ജിത്ത് സാര്‍ എന്നെ വിളിച്ചു.
അത് അവര് രണ്ടുപേരും എടുത്ത സിനിമയിലേക്കായിരുന്നു. എന്റെ ആദ്യ സിനിമ, ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത് രഞ്ജിത്ത് സാര്‍ പ്രൊഡ്യൂസ് ചെയ്യുന്നു. ഇങ്ങനെ ഒരു റോളുണ്ട് വരൂവെന്ന് രഞ്ജിത്ത് സാര്‍ പറയുകയായിരുന്നു. മമ്മൂക്കയാണ് കൂടെയുള്ളതെന്ന് പറഞ്ഞു.
അതോടെ എനിക്ക് വലിയ സന്തോഷം തോന്നി. മമ്മൂക്കയെ കാണാന്‍ പോകുകയാണെന്ന് ഓര്‍ത്തായിരുന്നു ഞാന്‍ സന്തോഷിച്ചത്. പക്ഷേ മമ്മൂക്കയെ ഞാന്‍ കണ്ടതേയില്ല. ഒരു തവണ പോലും കണ്ടില്ല എന്നതാണ് സത്യം. എനിക്ക് ശ്രീനിവാസന്‍ സാറിന്റെ കൂടെയായിരുന്നു സീനുകള്‍ ഉണ്ടായിരുന്നത്. വാള്‍പാറ എന്ന സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ട്.
രണ്ട് ദിവസമേ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. അതിന്റെ അപ്പുറത്തേക്ക് ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ പ്രത്യേകിച്ച് ആരെയും കണ്ടില്ല. പക്ഷെ ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു.
കാരണം മമ്മൂക്കയുടെ സിനിമയിലാണ് ഞാന്‍ നായികയായിട്ട് അഭിനയിച്ചത് (ചിരി). നായികയാണ്, പക്ഷെ മമ്മൂക്കയുടെ നായികയല്ല. സത്യത്തില്‍ കണ്ണടച്ചു തുറക്കുമ്പോഴേക്കും എന്റെ സീന്‍ തീര്‍ന്നിരുന്നു,’ ശിവദ പറഞ്ഞു.
Content Highlight: Sshivada Talks About Kerala Cafe And Mammootty