പാർത്ഥ ചാറ്റർജിയുടെ സ്‌കൂൾ നിയമന അഴിമതി;അർപിത മുഖർജിയുടെ ഫ്ളാറ്റിൽ വീണ്ടും ഇ.ഡി റെയ്ഡ്
national news
പാർത്ഥ ചാറ്റർജിയുടെ സ്‌കൂൾ നിയമന അഴിമതി;അർപിത മുഖർജിയുടെ ഫ്ളാറ്റിൽ വീണ്ടും ഇ.ഡി റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 1:43 pm

കൊൽക്കത്ത: സ്‌കൂൾ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അർപിത മുഖർജിയുടെ ഫ്‌ളാറ്റിൽ വീണ്ടും റെയ്ഡ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ റെയ്ഡ് നടത്തിയതായി ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.

അറസ്റ്റിലായ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപിത മുഖർജിയുടെ ചിനാർ പാർക്ക് ഏരിയയിലെ ഫ്ളാറ്റിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുന്ന അർപ്പിതയുടെ മൂന്നാമത്തെ അപ്പാർട്ട്‌മെന്റാണിത്. അർപ്പിതയുടെ തന്നെ മറ്റൊരു ഫ്ളാറ്റിൽ നിന്ന് 28 കോടി രൂപ കണ്ടെടുത്തതിനു ശേഷമാണ് ഇ.ഡി ഈ റെയ്ഡ് നടത്തിയത്.

ഫ്‌ളാറ്റിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. താക്കോൽ കണ്ടെത്താനാകാത്തതിനാൽ കേന്ദ്രസേനാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൂട്ടുകൾ തകർത്താണ് ഇ.ഡി ഉദ്യോഗസ്ഥർ അകത്തുകടന്നത്.

‘ചിനാർ പാർക്കിനു സമീപമുള്ള ഈ അപ്പാർട്ട്‌മെന്റ് അർപിത മുഖർജിയുടെതാണ്, അവരുടെ മറ്റ് ഫ്ളാറ്റുകളിലെപോലെ ഇവിടെയും പണം ഒളിപ്പിച്ചിരിക്കാമെന്ന് ഞങ്ങൾ സംശയിക്കുന്നു,’ എന്നാണ് ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞത്.

‘ഫ്ളാറ്റിലെ അയൽക്കാരുമായി സംസാരിച്ച് ഏതുതരത്തിലുള്ള പ്രവൃത്തികളാണ് ഈ ഫ്ളാറ്റിൽ നടക്കുന്നതെന്ന് ഞങ്ങൾ അന്വേഷിച്ചിരുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർഥ ചാറ്റർജിയുടെ ഭാര്യയെ ഇ.ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.അങ്ങനെയാണ് അർപ്പിതയുടെ ഈ ഫ്ളാറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചത്.

പാർഥ ചാറ്റർജിയുടെ ഭാര്യയുടെ ബെൽഗോറിയ പ്രദേശത്തുള്ള ഫ്ളാറ്റിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡുകളിൽ സ്വർണത്തിനും വെള്ളിക്കും പുറമെ 28 കോടി രൂപയും കണ്ടെടുത്തിരുന്നു.

മുൻപ് ടോളിഗാമിയിലുള്ള മറ്റൊരു ഫ്ളാറ്റിൽ നിന്ന് 21 കോടിയോളം രൂപ ഇ.ഡി കണ്ടെടുത്തിരുന്നു. ഈ ഫ്ളാറ്റും അദ്ദേഹത്തിന്റെ ഭാര്യയുടേതാണ്. കണ്ടെടുത്ത സ്വർണത്തിന്റേയും വെള്ളിയുടേയുമെല്ലാം വില തിട്ടപ്പെടുത്തി വരികയാണ്.

പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷന്റെ ശിപാർശ പ്രകാരം സർക്കാർ സ്‌പോൺസർ ചെയ്ത, എയ്ഡഡ് സ്‌കൂളുകളിലെ ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനത്തിൽ നടന്നതായി പറയപ്പെടുന്ന ക്രമക്കേടുകൾ കൽക്കട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

എസ്.എസ്.സി മുഖേനയുള്ള അഴിമതിക്ക് പുറമെ പ്രൈമറി സ്‌കൂൾ അധ്യാപക നിയമനത്തിലും പാർഥ ചാറ്റർജിയുടെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി തെളിവുകൾ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച്ച അറിയിച്ചിരുന്നു

Content Highlight: SSC scam case, ED raid in arpitha’s apartment