Entertainment
മലയാള സിനിമയുടെ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രം ആ സംവിധായകന്റേതാണ്: ശ്രുതി ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 04:03 am
Saturday, 18th January 2025, 9:33 am

ചെമ്പന്‍ വിനോദ് ജോസ് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. 2017ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നിരവധി പുതുമുഖ താരങ്ങളായിരുന്നു അഭിനയിച്ചത്. നടി ശ്രുതി ജയന്റെയും ആദ്യ ചിത്രമായിരുന്നു ഇത്.

അങ്കമാലി ഡയറീസ് മലയാള സിനിമയുടെ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നുവെന്ന് പറയുകയാണ് ശ്രുതി. ആ മാറ്റങ്ങളുടെ തുടക്കത്തിന് ഭാഗമാവാന്‍ തനിക്ക് സാധിച്ചുവെന്ന സന്തോഷമുണ്ടെന്നും വളരെ റിയലിസ്റ്റിക്കായ സിനിമയുടെയും കഥാപാത്രത്തിന്റെയും ഭാഗമായി തുടങ്ങിയത് കൊണ്ടുതന്നെ തനിക്ക് സിനിമയില്‍ മാറ്റം തോന്നുന്നില്ലെന്നും നടി പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി ജയന്‍.

അങ്കമാലി ഡയറീസ് എന്ന ചിത്രം മലയാള സിനിമയുടെ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. ആ മാറ്റങ്ങളുടെ തുടക്കത്തിന് ഭാഗമാവാന്‍ എനിക്ക് സാധിച്ചുവെന്ന സന്തോഷമുണ്ട്.

വളരെ റിയലിസ്റ്റിക്കായ സിനിമയുടെയും കഥാപാത്രത്തിന്റെയും ഭാഗമായി തുടങ്ങിയത് കൊണ്ടുതന്നെ എനിക്ക് സിനിമയില്‍ മാറ്റം തോന്നുന്നില്ല. ഒരുപാട് നല്ല കണ്ടന്റുള്ള സിനിമകള്‍ സംഭവിക്കുന്നു. അതിനൊപ്പം ഇന്‍ഡസ്ട്രി വലുതാവുന്നു. മറ്റ് ഇന്‍ഡസ്ട്രികള്‍ ഇപ്പോള്‍ വളരെ കൗതുകത്തോടെ നോക്കി കാണുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം ഇന്‍ഡസ്ട്രി,’ ശ്രുതി ജയന്‍ പറഞ്ഞു.

അങ്കമാലി ഡയറീസില്‍ ശ്രുതി ആലീസ് എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. തനിക്ക് പുതു ജീവനേകിയ കഥാപാത്രമാണ് ആലീസെന്നും ആ കഥാപാത്രമില്ലായിരുന്നെങ്കില്‍ ഇന്ന് തനിക്കുണ്ടായ ഒന്നും സംഭവിക്കില്ലായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ചെയ്ത കഥാപാത്രങ്ങളെല്ലാം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെങ്കിലും ചില കഥാപാത്രങ്ങള്‍ നമുക്ക് നല്‍കുന്ന സംതൃപ്തി അതിനോടൊരു സ്‌നേഹം തോന്നിപ്പോകും. അങ്ങനെയുള്ള കഥാപാത്രമാണ് ആലീസ്. എനിക്കൊരു പുതു ജീവനേകിയ കഥാപാത്രമാണ് ആലീസ്.

ആലീസ് ഇല്ലായിരുന്നെങ്കില്‍ ഇന്നെനിക്ക് ഉണ്ടായ ഒന്നും സംഭവിക്കില്ലായിരുന്നു. അതുപോലെ ഏറെ പ്രിയപ്പെട്ട മറ്റൊരു കഥാപാത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ ജെസ്സി. വളരെ ബോള്‍ഡായ ഒരു കഥാപാത്രമായത് കൊണ്ടുതന്നെ എന്നെ അങ്കമാലി കഴിഞ്ഞാല്‍ പിന്നീട് എല്ലാവരും ശ്രദ്ധിച്ച മറ്റൊരു കഥാപാത്രമാണ് ജെസ്സി.

പിന്നെ ജൂണിലെ മായ മിസ്സും എനിക്കേറെ പ്രിയപ്പെട്ട ഒരു വേഷമാണ്. ഇപ്പോഴും ജൂണിലെ മായ മിസ്സിനെക്കുറിച്ച് ചോദിക്കുന്നവരുണ്ട്. അതുപോലെ തെലുങ്ക് വെബ് സീരീസിലെ സരോജയും പ്രിയപ്പെട്ട ഒരു വേഷമാണ്. ചെയ്ത എല്ലാ കഥാപാത്രങ്ങളും എന്‍ജോയ് ചെയ്തു ചെയ്യുന്നതുകൊണ്ടുതന്നെ എല്ലാം ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്,’ ശ്രുതി ജയന്‍ പറഞ്ഞു.

Content Highlight: Sruthy Jayan Talks About Angamaly Dairies Movie