അന്ധാധുനും, ബദ്‌ലാപൂരും ആ നടന്മാരെ വെച്ച് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു; ശ്രീറാം രാഘവന്‍
Entertainment
അന്ധാധുനും, ബദ്‌ലാപൂരും ആ നടന്മാരെ വെച്ച് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു; ശ്രീറാം രാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th January 2024, 4:11 pm

ആദ്യ സിനിമയായ ഏക് ഹസീനാ ഥീ എന്ന സിനിമ മുതല്‍ തന്റെ കഥപറച്ചിലില്‍ വ്യത്യസ്തത കൊണ്ടുവന്ന സംവിധായകനാണ് ശ്രീറാം രാഘവന്‍. ത്രില്ലര്‍ സിനിമകള്‍ക്ക് തന്റേതായ വെര്‍ഷന്‍ പരിചയപ്പെടുത്തിയ ആളാണ് ശ്രീറാം രാഘവന്‍. ബദ്‌ലാപൂര്‍ എന്ന ചിത്രം സംവിധായകനെ കൂടുതല്‍ പ്രശസ്തനാക്കി. 2018ല്‍ റിലീസായ അന്ധാധുന്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്ത അനുഭവമായിരുന്നു സമ്മാനിച്ചത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. അന്ധാധുനിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനക്ക് ആ വര്‍ഷത്തെ ദേശീയ അവാര്‍ഡും ലഭിക്കുകയുണ്ടായി.

തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സംവിധായകന്റെ പുതിയ വെളിപ്പെടുത്തല്‍. അന്ധാധുനില്‍ ആയുഷ്മാന്‍ ചെയ്ത വേഷത്തില്‍ ആദ്യം സൂര്യയെ ആയിരുന്നു മനസില്‍ കണ്ടിരുന്നത് എന്നാണ് സംവിധായകന്‍ പറഞ്ഞത്.

‘അന്ധാധുനില്‍ ആയുഷ്മാന് മുമ്പ് ഒരുപാട് നടന്മാരെ മനസില്‍ കണ്ടിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അവര്‍ക്ക് കഥ കണക്ട് ആയില്ല, അല്ലെങ്കില്‍ അവര്‍ക്ക് ആ കഥയില്‍ വിശ്വാസമുണ്ടായിരുന്നില്ലായിരിക്കാം. എന്നാലും എന്റെ മനസില്‍ സൂര്യയായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ ബദ്‌ലാപൂരില്‍ നവാസുദ്ദീന്‍ സിദ്ദിഖി ചെയ്ത റോളില്‍ ആദ്യം മനസില്‍ വന്ന മുഖം ധനുഷിന്റേതായിരുന്നു. എന്നാല്‍ ധനുഷിനെ കാസ്റ്റ് ചെയ്താല്‍ അപ്പുറത്തുള്ള നടനെയും മാറ്റേണ്ടി വരും’ ശ്രീറാം രാഘവന്‍ പറഞ്ഞു.

വിജയ് സേതുപതി, കത്രീനാ കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വന്ന മെറി ക്രിസ്മസ് ആണ് സംവിധായകന്റെ പുതിയ ചിത്രം. തമിഴ്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ക്രിസ്മസ് തലേന്ന് ബോംബൈ നഗരത്തില്‍ വെച്ച് കണ്ടുമുട്ടുന്ന രണ്ട് അപരിചിതരുടെയും അവരെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് മെറി ക്രിസ്മസിന്റെ പ്ലോട്ട്. വിജയ് സേതുപതി, കത്രീനാ കൈഫ് എന്നിവരെ കൂടാതെ രാധികാ ആപ്‌തെ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രീതം സംഗീതസംവിധാനവും ഡാനിയല്‍ ബി ജോര്‍ജ് പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.

Content Highlight: Sriram Raghavan talks about his first cast of Andhadhun and Badlapur