സ്വകാര്യത ഒരു മൗലിക അവകാശമല്ല എന്ന് സുപ്രീംകോടതിയില്‍ വാദിച്ച ഒരു സര്‍ക്കാറാണ് ഇന്ത്യ ഭരിക്കുന്നത്. ഭരണകൂടത്തിന്റെ വിതണ്ഡ വാദങ്ങള്‍ തള്ളിക്കൊണ്ട് സ്വകാര്യത മൗലീകാവകാശമാണ് എന്ന് ‘പട്ടുസ്വാമി’ കേസില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ബഞ്ച് ഐക്യകണ്‌ഠേന വിധിയെഴുതി. അതിനു ശേഷവും നാളിതുവരെയായിട്ടും ഒരു വിവരസംരക്ഷണ നിയമം കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
അര്‍ധരാത്രിക്ക് ചരിത്രതീരുമാനങ്ങള്‍ എടുക്കാന്‍ മിടുക്കു കാണിക്കുന്ന ഈ ഗവണ്മെന്റ് വിവര സംരക്ഷണം എന്ന പരമപ്രധാന കാര്യത്തിനുമേല്‍ അടയിരുന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അപര്യാപ്തമായ ഐ.ടി. ആക്ടിന്റെയും മറ്റു ചില ചട്ടങ്ങളുടെയും ബലത്തില്‍ മാത്രമാണ് രാജ്യത്തിന്റെ സ്വകാര്യതാ നയങ്ങള്‍ നിലനില്‍ക്കുന്നത്. വളയമില്ലാതെയാണ് നമ്മള്‍ ചാടുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സ്പ്രിങ്ക്‌ളര്‍ വിവാദം സംസ്ഥാന ഗവണ്മെന്റിന് എങ്കിലും സമഗ്രമായ ഒരു സ്വകാര്യതാ/വിവരസുരക്ഷാ നയം രൂപീകരിക്കാനുള്ള അവസരമായി കണക്കക്കേണ്ടതാണ്.
അതിനു കഴിയും. കാരണം സ്വകാര്യതയെക്കുറിച്ച് വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തി പോന്നിട്ടുള്ള രാഷ്ട്രീയ കക്ഷിയാണ് കേരളം ഭരിക്കുന്നത്. നമ്മുടെ മുഖ്യമന്ത്രി ആ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ്. ഘടകക്ഷിയായ സി.പി.ഐ.യും ഇക്കാര്യത്തില്‍ സൂചിന്തിതമായ നിലപാടുള്ളവരാണ്. മുന്‍മന്ത്രി ശ്രീ. ബിനോയ് വിശ്വം ആധാര്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്തുകൊണ്ടും സമഗ്രമായൊരു നയരൂപീകരണത്തിന് അനുകൂലസമയമാണിത്.
പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്നു എന്നതുകൊണ്ട് മാത്രം സ്പ്രിങ്ക്‌ളര്‍ വിവാദം അപ്രസക്തമാകുന്നില്ല. 87 ലക്ഷം റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ അമേരിക്കക്ക് മറിച്ച് വിറ്റു എന്ന തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറം അടിസ്ഥാനപരമായി ഇതില്‍ ഉള്‍പ്പെടുന്ന ചില ഗൗരവതരമായ സംഗതികള്‍ ഗവണ്മെന്റിനും ബോധ്യപെട്ടിട്ടുണ്ട് എന്നാണ് ഗവണ്മെന്റിന്റെ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നത്. സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി ഉണ്ടാക്കിയ സേവന ഉടമ്പടിയുമായി ബന്ധപ്പെട്ട രേഖകള്‍; വാങ്ങല്‍ ഉത്തരവും, എം.എസ്.എ. യും അനുബന്ധ രേഖകളും പരസ്യപ്പെടുത്താന്‍ ഗവണ്മെന്റ് തയ്യാറായത് സുതാര്യതയിലേക്കുള്ള നല്ലൊരു ചുവടുവയ്പ്പാണ്.
ഏതെങ്കിലുമൊരു സാധാരണക്കാരനന്‍ ഒരു വെബ് സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ സേവന ദാതാവായ കമ്പനി മുന്നോട്ട് വയ്ക്കുന്ന ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിച്ചു നോക്കുക പോലും ചെയ്യാതെ ടിക്ക് ചെയ്തു വിടുന്നതുപോലെ ഗവണ്മെന്റുകള്‍ പ്രവര്‍ത്തിക്കരുത് എന്ന ബോധം ഭരിക്കുന്നവര്‍ക്ക് ഉണ്ടാവണം. പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല ആരോപണങ്ങള്‍ ഉണയിച്ചതിന് ശേഷമാണ് നോണ്‍-ഡിസ്‌ക്‌ളോഷര്‍ എഗ്രിമെന്റ് ഉള്‍പ്പെടുന്ന മറ്റു ആശയവിനിമയങ്ങള്‍ നടന്നിട്ടുള്ളത് എന്നത് ആശങ്കകളോട് ഒരു തുറന്ന സമീപനം സംസ്ഥാന ഗവണ്മെന്റ് സ്വീകരിക്കുന്നുവെന്നതിനും അതിനോട് ക്രിയാത്മകമായ പ്രതികരണം ഉണ്ടാകുന്നു എന്നതിനും തെളിവാണ്. കമ്പനി ലെറ്റര്‍പാഡില്‍ അടിച്ചതായതുകൊണ്ടു മാത്രം അത് ഒരു എഗ്രിമെന്റ് ആകില്ല എന്ന വാദം ശരിയല്ല.
ഇത് ഒരു അടിയന്തര ഘട്ടത്തില്‍ സദുദ്ദേശപരമായി ഗവണ്മെന്റ് സ്വീകരിച്ച ഒരു നടപടിയാകാനെ തരമുള്ളൂ. മറിച്ച് യാതൊരു തെളിവുകളും നമ്മുടെ മുന്നിലില്ല. പല ഗവണ്മെന്റുകളും ഇത്തരത്തില്‍ നിരവധി കമ്പനികളുടെ സേവനങ്ങള്‍ ഉപയോഗിച്ചു വരുന്നുണ്ട്. സ്പ്രിങ്ക്‌ളര്‍ തന്നെ നേരത്തെയും അവരുടെ സേവനം ഗവണ്മെന്റിന് നല്കിയിട്ടുണ്ടാകാം. പക്ഷെ ഇതിനെയൊക്കെ അര്‍ഹിക്കുന്ന അവധാനതയോടെയാണോ ഗാവണ്മെന്റുകള്‍ സമീപിച്ചിട്ടുള്ളത് എന്നു ചോദിച്ചാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വകാര്യതാ സംബന്ധിച്ച ഗവണ്മെന്റ് പോളിസികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ഉത്തരം അല്ല എന്നായിരിക്കും.
ഒരു സോഫ്റ്റ്വെയര്‍ ആസ് സര്‍വീസ് (SaaS) സേവന ദാതാവാണ് സ്പ്രിങ്ക്‌ളര്‍. ഉപഭോക്താക്കള്‍ക്കായി അവരുടെ സോഫ്ട്‌വെയറുകള്‍ അവരുടെ തന്നെ സെര്‍വറുകളില്‍ പ്രവര്‍ത്തിപ്പിച്ച്, ഉപയോഗിക്കാന്‍ അനുവദിക്കുന്ന സംവിധാനമാണത്. നമ്മുടെ കമ്പ്യൂട്ടറില്‍ ഓഫീസ് സ്യൂട്ട് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നമുക്ക് ആവശ്യഘട്ടങ്ങളില്‍ ഗൂഗിള്‍ ഡോക്‌സ് മുഖേന സ്‌പ്രെഡ്ഷീറ്റുകളും ഡോക്കുമെന്റുകളും ഉപയോഗിക്കാന്‍ കഴിയുന്നതുപോലെ. പലപ്പോഴും കമ്പനികളുടെയോ ഗവണ്മെന്റുകളുടെയോ ഉപയോഗത്തിന് ഉപയുക്തമായ സോഫ്ട്‌വെയറുകള്‍ സ്വയം വികസിപ്പിച്ചെടുക്കാന്‍ മെനക്കെടാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ ഗുണം.
പ്രത്യേകിച്ചും അടിയന്തര ഘട്ടങ്ങളില്‍ വിലപ്പെട്ട സമയം ലാഭിക്കാനും ഇത്തരം റെഡിമെയ്ഡ് ഉത്പന്നങ്ങള്‍ സഹായിക്കും. സ്പ്രിങ്ക്‌ളര്‍ ക്രോഡീകൃതമല്ലാത്ത വിവിധ വിവരങ്ങള്‍ (സോഷ്യല്‍ മീഡിയ ഫീഡുകളും മറ്റും) ശേഖരിച്ചു ക്രോഡീകരിക്കാന്‍ സഹായിക്കുന്ന ഒരു SaaS പ്ലാറ്‌ഫോം ആണ്. ആരോഗ്യമേഖലയുമായി നേരിട്ട് ബന്ധമുള്ളതല്ല. അതിനെ കസ്റ്റമൈസ് ചെയ്തു കേരളസര്‍ക്കാറിന്റെ ആവശ്യത്തിന് ഉതകുന്ന തരത്തില്‍ ആക്കിയിട്ടുണ്ടാകും. മുതലാളിത്ത വ്യവസ്ഥിതിയില്‍ ‘സൗജന്യ ഊണ് ഇല്ല’ എന്നു പറയുന്നതുപോലെ ഒന്നാം ഘട്ടത്തില്‍ ഒരു വിജയകഥ ആയിരുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധഗാഥയില്‍ തങ്ങളുടെ പേര് കൂടി എഴുതിച്ചേര്‍ക്കുക വഴി ഒരു ഗവണ്മെന്റ് സേവന ദാതാവ് എന്ന നിലയില്‍ സ്വയം പ്രചരിപ്പിക്കപ്പെടാനുള്ള സാധ്യതകൂടി സ്പ്രിങ്ക്‌ളര്‍ കണ്ടിട്ടുണ്ടാവാം. അത് വേറൊരു വശമാണ്.
പലരും ഇതിനെ ഒരു സാങ്കേതിക ചര്‍ച്ചയാക്കി മാറ്റാന്‍ നോക്കുന്നുണ്ട്. സാങ്കേതിക വാചാടോപങ്ങള്‍ കൊണ്ട് വിവാദത്തെ അപ്രസക്തമാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. SaaS എന്താണെന്നും സെര്‍വര്‍ എന്താണെന്നും ഒന്നും അറിയാത്ത ഒരുപാടുപേര്‍ കാണും. അവരെ അതിനെക്കുറിച്ചൊക്കെ പഠിപ്പിക്കുന്നത് നല്ലതാണ്. കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് മാനേജ്മെന്റ് എന്താണ്, സ്പ്രിങ്ക്‌ളര്‍ മെറ്റാഡാറ്റ മാത്രമാണ് കൈകാര്യം ചെയ്യുക, സര്‍വറുകള്‍ ഇന്ത്യയിലാണ്, ആമസോണ്‍ ഇന്ത്യ ഗവണ്മെന്റ് എംപാനല്‍ ചെയ്ത സ്ഥാപനമാണ്.
പ്രസിദ്ധമായ കമ്പനികള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് സ്വന്തം പേര് കളഞ്ഞു കുളിക്കില്ല എന്നു വരെ ന്യായീകരണങ്ങള്‍ ഉയരുന്നുണ്ട്. ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, അതൊന്നും അല്ല ഇവിടുത്തെ പ്രശ്‌നം. സാങ്കേതികതകളല്ല, വിവരശേഖരണ-വിശകലന സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ മൗലീകാവകാശ സംരക്ഷണത്തിനുതകുന്ന ഭരണപരവും നിയമപരവുമായ നടപടികള്‍ അതിനു ഭരണഘടനാപരമായി ബാധ്യതയുള്ള ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടോ എന്നതാണ് കാതലായ ചോദ്യം.
സ്പ്രിങ്ക്‌ളറുമായി കേരളം ഗവണ്മെന്റ് ഏര്‍പ്പെട്ടിട്ടുള്ള ഉടമ്പടി 2018 മുതല്‍ കമ്പനി എല്ലാ ഉപഭോക്താക്കള്‍ക്കുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള പൊതു കരാര്‍ ആണ്. ഗവണ്മെന്റ് ഒരു സ്വകാര്യ വിവര-വിശകലന കമ്പനിയുമായി ഉടമ്പടിയില്‍ എത്തുമ്പോള്‍ അത് നാട്ടുകര്‍ക്കെല്ലാം വേണ്ടി കമ്പനി ഉണ്ടാക്കിയ പൊതു രേഖയില്‍ തുല്യം ചാര്‍ത്തല്‍ ആകരുത്. കാരണം ഗവണ്മെന്റ് ഇവിടെ സംസ്ഥാനത്തെ/രാജ്യത്തെ മുഴുവന്‍ ജനങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. പൗരര്‍ ഗവണ്മെന്റിനെ വിശ്വസിച്ചാണ് വിവരങ്ങള്‍ കൈമാറുന്നത്. അവരുടെ വിശ്വാസത്തെ സാധൂകരിക്കുന്ന, അതത് നാടുകളിലെ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി, ഗവണ്മെന്റ് നിശ്ചയിക്കുന്ന നിബന്ധനകളിന്മേല്‍ ആയിരിക്കണം വിവര ശേഖരണ-വിശകലന പരിപാടികള്‍ നടത്തേണ്ടത്.
സമ്മത ശേഖരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒരു മൂന്നാം കക്ഷി ചെയ്യേണ്ടതല്ല. അത് ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഇവിടെ കോവിഡ്19 -മായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് രോഗിയുടെയോ വീട്ടുകാരുടെയോ അറിവോടെയുള്ള സമ്മതത്തോടുകൂടിയാണോ എന്ന് നിശ്ചയമില്ല. അത് ഗവണ്മെന്റ് ഉറപ്പു വരുത്തേണ്ട കാര്യമാണ് എന്ന കമ്പനി അതിന്റെ അനുബന്ധ കരാറില്‍ വ്യക്തമാക്കുന്നുണ്ട്. അതുവഴി സമ്മത ശേഖരണം എന്ന നിയമപരമായ ബാധ്യതയില്‍ നിന്നും കമ്പനി ഒഴിവാക്കുകയാണ് എന്നുകൂടി നമ്മള്‍ കാണണം. ആരോഗ്യപ്രവര്‍ത്തകര്‍ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ തന്നെ വിവരശേഖരണ വെബ്സൈറ്റില്‍ സമ്മതം രേഖപ്പെടുത്തി വിവരശേഖരണം നടത്തുന്ന രീതിയാണ് ഉള്ളത്.
ഈ വിവരങ്ങള്‍ ശേഖരിക്കുന്നത് ആരാണ്, ഏതു സ്ഥാപനമാണ് അത് കൈകാര്യം ചെയ്യുന്നത്, വിശകലനം നടത്തുന്നത്, എങ്ങനെയൊക്കെയാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുക എന്ന കാര്യങ്ങളൊക്കെ ആത്യന്തികമായി വിവരങ്ങളുടെ ഉടമയായ അതാത് വ്യക്തികള്‍ അറിയേണ്ടതാണ്. ഇതിനൊക്കെ അവരുടെ സമ്മതം ആവശ്യമാണ് എന്നത് വിവര സുരക്ഷാ സംബന്ധിച്ച അടിസ്ഥാന തത്വമാണ്. കൂടാതെ ആരോഗ്യ വിവരങ്ങള്‍ ഐ.സി.എം.ആര്‍-ന്റെ ധാര്‍മിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണോ കൈകാര്യം ചെയ്യുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.
അവിടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷമുള്ള ഗവണ്മെന്റിന്റെ നടപടികള്‍ നമുക്ക് പ്രതീക്ഷ നല്‍കുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭാവിയിലേക്ക് അവധാനതയോടെയുള്ള തുടര്‍നടപടികള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്വകാര്യത സംബന്ധിച്ച് വ്യാപകമായ സാമൂഹിക അവബോധം ഇല്ലാത്ത നമ്മുടെ നാട്ടില്‍ ഭരണസംവിധാനത്തില്‍ എങ്കിലും അതിനെക്കുറിച്ചുള്ള അറിവും ജാഗ്രതയും ഉയര്‍ത്താന്‍ ഈ വിവാദം സഹായകമാകും എന്നാണ് ഞാന്‍ കരുതുന്നത്. അതേ സമയം പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിയന്തര-പ്രതികരണ-നയവും അനിവാര്യമാണ്. എന്നാല്‍ അടിയന്തരഘട്ടം കഴിയുന്ന മുറക്ക് ആ ഇളവുകള്‍ ഇല്ലാതാകുന്നുവെന്നും ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്താനും കഴിയണം.
സ്വകാര്യത സംബന്ധിച്ച പാട്ടുസ്വാമി കേസിലെ വിധിക്കു ശേഷം നിയതമായ ഒരു നിയമവൈജ്ഞാനികത ഇതില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സ്വകാര്യത ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. മറ്റു വിവിധ മൗലീകാവകാശങ്ങളിലും സ്വകാര്യത ഉള്‍ചേര്‍ന്നിരിക്കുന്നു. സ്വകാര്യതയില്ലാതെ അന്തസ്സോടെയുള്ള ജീവിതം അസാധ്യമാണ്. അതുകൊണ്ടു തന്നെ ഓരോ പൗരന്റെയും സ്വാകാര്യത സംരക്ഷിക്കാനുള്ള ഋണാത്മകവും ധനാത്മകവുമായ ബാധ്യത ഗവണ്മെന്റുകള്‍ക്കുണ്ട്.
ഋണാത്മക ബാധ്യത എന്ന് പറഞ്ഞാല്‍ പൗരന്റെ സ്വകാര്യതയിലേക്ക് ഗവണ്മെന്റുകള്‍ക്ക് കടന്നു കയറാനാകില്ല എന്നതാണ്. ധനാത്മകമായ അവകാശം എല്ലാ മേഖലകളിലും സ്വാകാര്യത സംരക്ഷിക്കുന്ന നിയമപരിരക്ഷ ഒരുക്കുവാനുള്ള ബാധ്യത ഗവണ്മെന്റുകള്‍ക്ക് ഉണ്ട് എന്നതും. അനുവദനീയമായ നിയന്ത്രണങ്ങള്‍ക്ക് അകത്തുനിന്നുകൊണ്ടു മാത്രമേ സ്വാകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗവണ്മെന്റുകള്‍ക്കു പ്രവര്‍ത്തിക്കാനാകു. അത് നിയമാനുസൃതമായിരിക്കണം, ആ നിയമം ഐച്ഛികമാകരുത്, ആനുപാതികമായിരിക്കുകയും വേണം.
ശേഖരിക്കുന്ന വിവരശേഖരണം, വിവര ഭരണം, വിവരവിശകലനം എന്നീ കാര്യങ്ങളില്‍ ആനുപാതികത ഉറപ്പു വരുത്താന്‍ ഗവണ്മെന്റുകള്‍ ബാധ്യസ്ഥരാണ്. നിയമപരമായ ഒരു ഉദ്ദേശ്യത്തിന് വേണ്ടിയാകണം വിവരങ്ങള്‍ ശേഖരിക്കുന്നത്, ആ ലക്ഷ്യം നേടുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ വിവരങ്ങള്‍ മാത്രമായിരിക്കണം എന്നിങ്ങനെയാണത്. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ ഫോട്ടോയും വിവരങ്ങളും പരസ്യമായി കാണത്തക്ക വിധത്തില്‍ ഓണ്‍ലൈനായും അല്ലാതെയും പ്രസിദ്ധീകരിക്കുന്ന കാഴ്ച്ച നമ്മള്‍ കാണുന്നു. (അമേരിക്കന്‍ കമ്പനികള്‍ക്കെന്നല്ല, ആര്‍ക്കും എടുക്കാവുന്ന വിധത്തില്‍). ചിലര്‍ ആവശ്യപ്പെടുന്നത് ഓരോ മണിക്കൂറിലും സെല്‍ഫി എടുത്ത് അയക്കാനാണ്. അവിടെയൊക്കെ നടക്കുന്ന അവകാശ ലംഘന താരതമ്യം ചെയ്താല്‍ കേരളത്തിലേത് അനുവദനീയമായ പരിധികള്‍ക്കുള്ളില്‍ നടക്കുന്ന വിവരശേഖരണമാണ്.
സര്‍ക്കാരുകള്‍ ബ്രാന്‍ഡഡ് സോഫ്റ്റ്വെയര്‍ സങ്കേതങ്ങള്‍ ഉപയോഗിക്കണോ, അതോ സര്‍ക്കാര്‍ തലത്തില്‍ സ്വന്തമായി വികസിപ്പിച്ച സംവിധാനങ്ങള്‍ മാത്രമാണോ ഉപയോഗിക്കേണ്ടത് എന്നത് മറ്റൊരു വിഷയമാണ്. കേരളത്തില്‍ സി-ഡിറ്റിനും, ഐ.ടി.മിഷനും ഒക്കെ അതിനു കഴിയുമോ എന്ന ചോദ്യം വേറെ. സങ്കീര്‍ണമായ നിയമ, സാങ്കേതിക, സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോള്‍, ക്രോഡീകൃതമല്ലാത്ത വിവര ശേഖരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്വേര്‍ സൊല്യൂഷന്‍സ് തെരഞ്ഞെടുത്തു കസ്റ്റമൈസ് ചെയ്തു ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഗവണ്മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അതുകൊണ്ടുതന്നെ ഇത് ഒരു അവസരമായി കാണുവാന്‍ കേരളത്തിന് കഴിയണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നാം ഇതുവരെ വേണ്ടത്ര ഗൗനിക്കാതെ പോയ ഒരു മേഖലയെ ഗുണകരമായി വിപുലീകരിക്കാനും നയങ്ങള്‍ രൂപീകരിക്കാനും നിയമ ചട്ടക്കൂടുകള്‍ ഉണ്ടാക്കാനും ഉള്ള ഒരു യോജിപ്പിലേക്ക് എല്ലാവരും വരേണ്ട സമയമാണിത്. എന്തിനും കോവിഡ് എന്നു മാത്രം മറുപടി പറയുന്ന തരത്തിലേക്ക് ഗവണ്മെന്റും ഗൗരവമുള്ള ഒരു പ്രശ്‌നത്തിനുമേല്‍ അപഹാസ്യമായ ആരോപണങ്ങള്‍ ഏച്ചു കെട്ടി പ്രതിപക്ഷവും ഈ അവസരം നഷ്ടപ്പെടുത്തരുത്. നമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. കാരണം ഇവിടെ നാം അഭിസംബോധന ചെയ്യുന്നത്, കേവലം സാങ്കേതികതയുടെയോ, കമ്പനികളുടെ വിശ്വാസ്യതയുടെയോ കാര്യമല്ല. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള ശരിയായ മാര്‍ഗങ്ങള്‍ ഗവണ്മെന്റുകള്‍ സ്വീകരിക്കുന്നുണ്ടോ എന്ന കാര്യത്തെയാണ്. കോവിഡ് പ്രതിരോധത്തില്‍ മാത്രമല്ല, വിവരഭരണകര്‍തൃത്വത്തിലും (Data Governance) ഇന്ത്യക്കു മാതൃകയാകാന്‍ നമുക്ക് കഴിയണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ