22 എഫ്.കെക്ക് ഓക്കെ പറഞ്ഞത് നന്നായെന്ന് ഇപ്പൊ തോന്നുന്നുണ്ട്; പുതിയ ലൊക്കേഷനിലെത്തുമ്പോള്‍ സ്‌കൂള്‍ റീ ഓപ്പണ്‍ ചെയ്ത് പോകുന്ന കൊച്ചിന്റെ അവസ്ഥയാണ്: ശ്രിന്ദ
ക്യാരക്ടര്‍ റോളുകളിലൂടെയും കോമഡി വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരമാണ് ശ്രിന്ദ. ഏത് തരത്തിലുള്ള കഥാപാത്രമായാലും ശ്രിന്ദ തന്റേതായ അഭിനയശൈലിയിലൂടെ അത് ഏറെ മികച്ചതാക്കാറുണ്ട്.
അഭിനയജീവിതം ആരംഭിക്കുന്നതിന് മുമ്പ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും ശ്രിന്ദ വര്‍ക്ക് ചെയ്തിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ തോന്നുന്ന സ്റ്റാര്‍ട്ടിങ് ട്രബിളിനെക്കുറിച്ചും പുതിയ സിനിമകള്‍ ചെയ്യുമ്പോഴുള്ള അനുഭവവും തുറന്ന് പറയുകയാണ് വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രിന്ദ.
”മാര്‍ട്ടിന്‍ പ്രക്കാട്ട് സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി നിന്ന സമയത്ത് ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ വേണ്ട എന്ന് പറഞ്ഞിരുന്നു.
ഞാന്‍ എവിടെ നില്‍ക്കുന്നോ അവിടെ ഞാന്‍ ഹാപ്പിയാണ്. ഒരു പുതിയതിലേക്ക് കയറി വരാന്‍ എനിക്ക് കുറച്ച് സമയമെടുക്കും. എന്നാല്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ സെറ്റ് ആവും.
ആ സമയത്ത് എനിക്ക് അഭിനയിക്കാന്‍ തോന്നിയിരുന്നില്ല. അതിന് മുമ്പ് ഞാന്‍ മോഡലിങ്ങ് ചെയ്തിരുന്നു. അതിനപ്പുറത്തേക്ക് അഭിനയിക്കാന്‍ എനിക്ക് പറ്റുമോ എന്നുള്ളതിനെക്കുറിച്ച് അത്രയും ഞാന്‍ ചിന്തിച്ചിരുന്നില്ല. ആളുകളെ കണ്‍വിന്‍സ്ഡ് ആക്കണ്ടേ, അഭിനയിക്കുന്നത് നിസാര കാര്യമല്ലല്ലോ.
22 ഫീമെയില്‍ കോട്ടയം ചെയ്ത സമയത്ത് ആഷിഖ് സാറ് എനിക്ക് മെസേജ് അയക്കുകയായിരുന്നു. ആ സമയത്ത് ഓക്കെ പറയാന്‍ തോന്നിയത് നന്നായി എന്ന് എനിക്ക് ഇപ്പൊ തോന്നുന്നു.
കോണ്‍ഫിഡന്‍സിന് എനിക്ക് ലൈഫില്‍ കുറവൊന്നുമില്ല. ബേസിക്കലി സ്വഭാവത്തില്‍ കുറച്ച് മടിയുണ്ട്. സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ ഉണ്ട്. പുതിയ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുമ്പോള്‍ സ്‌കൂള്‍ റീ ഓപ്പണ്‍ ചെയ്ത് പോകുന്ന കൊച്ചിന്റെ അവസ്ഥയാണ്. ആദ്യത്തെ ഒന്നുരണ്ട് ദിവസം കഴിഞ്ഞാല്‍ ഓക്കെയാകും,” ശ്രിന്ദ പറഞ്ഞു.
2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സിലൂടെയാണ് ശ്രിന്ദ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് 2012ല്‍ റിലീസ് ചെയ്ത ആഷിഖ് അബു ചിത്രം 22 ഫീമെയില്‍ കോട്ടയത്തിലൂടെയാണ് ശ്രിന്ദ ശ്രദ്ധ നേടിയത്.
മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം ആണ് ശ്രിന്ദയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം.