ബാബറിന്റെ പോരാട്ടം പാഴായി; ഇന്ത്യയെ തോല്‍പിച്ച് പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ലങ്ക
Sports News
ബാബറിന്റെ പോരാട്ടം പാഴായി; ഇന്ത്യയെ തോല്‍പിച്ച് പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ലങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th July 2022, 3:44 pm

പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ സന്ദര്‍ശകരെ 246 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ശ്രീലങ്ക. 508 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ പാകിസ്ഥാന്‍ 261 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

പാകിസ്ഥാന്‍ ബാറ്റര്‍മാരെ തെരഞ്ഞുപിടിച്ച് എറിഞ്ഞുവീഴ്ത്തിയായിരുന്നു ലങ്കന്‍ ബൗളേഴ്‌സ് കരുത്തുകാട്ടിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയും നാല് വിക്കറ്റ് വീഴ്ത്തിയ രമേശ് മെന്‍ഡിസുമാണ് പാകിസ്ഥാന്‍ ബാറ്റിങ് നിരയെ നിഷ്പ്രഭമാക്കിയത്.

32 ഓവറില്‍ 117 റണ്‍സ് വഴങ്ങി ജയസൂര്യ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെന്‍ഡിസ് 30 ഓവറില്‍ 101 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

അബ്ദുള്ള ഷെഫീഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ആഘ സല്‍മാന്‍, യാസിര്‍ ഷാ എന്നിവരെ ജയസൂര്യ വീഴ്ത്തിയപ്പോള്‍ ഇമാം ഉള്‍ ഹഖ്, മുഹമ്മദ് നവാസ്, ഹസന്‍ അലി, നസീം ഷാ എന്നിവരെ രമേശ് മെന്‍ഡിസും പുറത്താക്കി.

ഇരുവര്‍ക്കും പിടികൊടുക്കാതെ ഫവാദ് അലം മാത്രമാണ് പുറത്തായത്. താരം റണ്‍ ഔട്ടാവുകയായിരുന്നു.

പാക് നിരയില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം മാത്രമായിരുന്നു ചെറുത്തുനിന്നത്. 146 പന്തില്‍ നിന്നും ആറ് ഫോറും ഒരു സിക്‌സറുമടക്കം 81 റണ്‍സാണ് അസം സ്വന്തമാക്കിയത്.

ബാബറിനൊപ്പം മുഹമ്മദ് റിസ്വാന്‍ 37ഉം ഇമാം ഉള്‍ ഹഖ് 49 റണ്‍സും നേടി പാകിസ്ഥാനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും പോരാതെ വരികയായിരുന്നു.

അബ്ദുള്ള ഷെഫീഖ് (16), യാസിര്‍ ഷാ (27), ഹസന്‍ അലി (11), മുഹമ്മദ് നവാസ് (12), നസീം ഷാ (18), എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് പാക് ബാറ്റര്‍മാര്‍.

നേരത്തെ, ആദ്യ ഇന്നിങ്സില്‍ ശ്രീലങ്ക 378 റണ്‍സായിരുന്നു സ്വന്തമാക്കിയത്. ബാറ്റിങ് നിരയില്‍ എല്ലാവരും ഉണര്‍ന്നുകളിച്ചപ്പോള്‍ ലങ്ക മികച്ച സ്‌കോറിലെത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 231 റണ്‍സിന് ഓള്‍ ഔട്ടായി.

മികച്ച ലീഡുമായി രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ലങ്ക എട്ട് വിക്കറ്റിന് 360 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലും തകര്‍ന്നടിഞ്ഞ പാക് നിര 261ന് ഒരിക്കല്‍ക്കൂടി ഓള്‍ ഔട്ടായി.

 

ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലാക്കാനും ലങ്കയ്ക്കായി.

ധനഞ്ജയ സില്‍വയാണ് കളിയിലെ താരം. പ്രഭാത് ജയസൂര്യ പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

പാകിസ്ഥാനെതിരായ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെയും പാകിസ്ഥാനെയും മറികടന്ന് മൂന്നാമതെത്താനും ലങ്കയ്ക്കായി. ഇന്ത്യ നാലാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു.

 

(ഐ.സി.സി ലോക ടെസ്റ്റ് ചാമ്പന്‍ഷിപ്പിന്റെ നിലവിലെ പട്ടിക കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

 

Content Highlight:  Sri Lanka defeats Pakistan in 2nd test