ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് സെന്‍സേഷനായിരുന്നു ശ്രീശാന്ത്. അഗ്രഷന്‍ നിറഞ്ഞ ആറ്റിറ്റിയൂഡ് ഒരു തവണ സ്ലെഡ്ജ് ചെയ്താല്‍ പത്തെണ്ണം തിരിച്ചു ചെയ്യുന്ന കളിക്കളത്തിലെ കലിപ്പനുമായിരുന്നു താരം.
ഇന്ത്യയുടെ പല ഇന്നിംഗ്‌സുകളിലും രക്ഷകന്റെ റോളിലടക്കം താരം അവതരിച്ചിട്ടുണ്ട്. 2007 ടി-20 ലോകകപ്പില്‍ മിസ്ബയുടെ ക്യാച്ച് എടുത്ത് ഇന്ത്യയെ വിശ്വവിജയികളാക്കിയും 2011 ലോകകപ്പ് ഫൈനലില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞും താരം ഇന്ത്യയ്ക്കായി നിറഞ്ഞാടി.
ഈയടുത്താണ് താരം ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്.
താന്‍ വിരമിച്ചിരിക്കുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് മാത്രമാണെന്നും ഇനിയും കളികള്‍ ബാക്കിയുണ്ടെന്നുമാണ് താരം പറയുന്നത്. ലുലു മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സംസാരിക്കവെയായിരുന്നു ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.
‘ശ്രീശാന്ത് റിട്ടയര്‍ ചെയ്തത് ഫസ്റ്റ് ക്ലാസില്‍ നിന്നും മാത്രമാണ്. ഇനിയും കളി കുറേ ബാക്കിയുണ്ട്. എല്ലാവരും സപ്പോര്‍ട്ട് ചെയ്യുക പ്രാര്‍ത്ഥിക്കുക,’ താരം പറയുന്നു.
നേരത്തെ, ട്വിറ്ററിലൂടെയായിരുന്നു താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
‘ഈ തീരുമാനം എന്റേത് മാത്രമാണ്. എനിക്ക് സന്തോഷം നല്‍കുന്ന തീരുമാനമല്ല ഇതെന്ന് അറിയാമെങ്കിലും, ജീവിതത്തില്‍ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്ന് കരുതുന്നു,’ ശ്രീശാന്ത് പറഞ്ഞു.
പുതിയ തലമുറയ്ക്ക് വേണ്ടി ഫസ്റ്റ്ക്ലാസ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നാണ് ശ്രീ ട്വീറ്റ് ചെയ്തത്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനത്തോടെ കാണുന്നുവെന്നും ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.
27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റുകളും ശ്രീശാന്ത് നേടിയിട്ടുണ്ട്.