കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്‍ മെഗാ ലേലത്തിനുള്ള താരങ്ങളുടെ അന്തിമപട്ടിക ബി.സി.സി.ഐ പുറത്തു വിട്ടത്. 590 താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ മലയാളി താരം ശ്രീശാന്തും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളാണ് മലയാളി ക്രിക്കറ്റ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്.
കഴിഞ്ഞ തവണയും ശ്രീശാന്ത് ഐ.പി.എല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയില്‍ ഇടം പിടിക്കാതെ പോവുകയായിരുന്നു.
എന്നാലിപ്പോള്‍, മെഗാലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചതോടെ ശ്രീശാന്തിന്റെ പഴയ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ ഐ.പി.എല്ലില്‍ ഏത് ടീമില്‍ കളിക്കാനാണ് ആഗ്രഹമെന്നുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറയുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് എന്നീ ടീമിനൊപ്പം കളിക്കാനാണ് തനിക്ക് ഏറ്റവും ആഗ്രഹമെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞിരുന്നത്.
ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ മുംബൈയില്‍ കളിക്കാനാണ് കൂടുതല്‍ ആഗ്രഹമെന്നും താരം പറഞ്ഞിരുന്നു.
മുംബൈയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ സച്ചിന് ഉള്ളതിനാല്‍ മുംബൈക്കായി കളിക്കാന്‍ സാധിച്ചാല്‍ സച്ചിനൊപ്പം വീണ്ടും ഡ്രസ്സിംഗ് റൂം പങ്കിടാനും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.