ഇത് എന്റെ ഒഫീഷ്യല്‍ പേജോ എന്റെ അറിവോടുകൂടി ഉണ്ടാക്കിയതോ അല്ല: സുദര്‍ശനം ആഘോഷിച്ച ദേവികുളം സബ് കലക്ടര്‍ എന്ന ഫേസ്ബുക്ക് പേജിനെതിരെ ശ്രീറാം വെങ്കിട്ടരാമന്‍
മൂന്നാര്‍: തന്റെ ഔദ്യോഗിക പദവിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി പ്രചരണം നടത്തുന്നവര്‍ക്കെതിരെ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. “Devikulam sub collector ” എന്ന പേരിലുള്ള എഫ്.ബി പേജിനെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരിക്കുന്നത്.
ഇത് തന്റെ ഔദ്യോഗിക പേജോ തന്റെ അറിവോടുകൂടി ഉണ്ടാക്കിയ പേജോ അല്ല എന്നും അദ്ദേഹം വ്യക്തമാക്കിയ അദ്ദേഹം ഈ പേജ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നും അറിയിക്കുന്നു.
“എന്റെ ഒദ്യോഗിക പദവിയുടെ പേരിലുള്ള Devikulam sub collector എന്ന ഒരു FB പേജിനെ പറ്റി സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു . ഈ പേജ് എന്റെ ഒഫീഷ്യല്‍ പേജ് അല്ല എന്നു മാത്രമല്ല എന്റെ അറിവോടു കൂടി ഉണ്ടാക്കിയതും അല്ല. ഈ പേജില്‍ വരുന്ന പോസ്റ്റുകളും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും എന്റെ അഭിപ്രായങ്ങളോ സമ്മതപ്രകാരമോ അല്ല. എന്റെ ഔദ്യോഗിക പദവിയുടെ പേരില്‍ പേജ് തുടങ്ങാന്‍ വേറെ ആര്‍ക്കും അനുവാദവും കൊടുത്തിട്ടില്ല.” അദ്ദേഹം വിശദീകരിക്കുന്നു.
ഈ പേജു വ്യാജമാണെന്നറിയിച്ച അദ്ദേഹം തന്റെ ഔദ്യോഗിക പേജിന്റെ ലിങ്കും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വാര്‍ത്തകളും അദ്ദേഹത്തെ പിന്തുണച്ചുള്ള കുറിപ്പുകളും മറ്റുമാണ് ഈ പേജിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. “അക്കമിട്ടു പറയാന്‍ ചില കയ്യേറ്റങ്ങള്‍” എന്ന തലക്കെട്ടില്‍ ശ്രീറാം വെങ്കിട്ടരാമന്‍ എഴുതിയതെന്ന തരത്തില്‍ മൂന്നാറിലെ പത്ത് “കയ്യേറ്റങ്ങളുടെ കാര്യം” ഈ ഫേസ്ബുക്ക് പേജുവഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ പ്രചരിപ്പിക്കുന്ന സുദര്‍ശനം എന്ന ഫേസ്ബുക്ക് പേജുവഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.