നാടോടിക്കാറ്റില്‍ മോഹന്‍ലാലിനോട് പറഞ്ഞ ആ ഡയലോഗ് എനിക്കേറെ പ്രിയപ്പെട്ടത്: ശ്രീനിവാസന്‍
Entertainment
നാടോടിക്കാറ്റില്‍ മോഹന്‍ലാലിനോട് പറഞ്ഞ ആ ഡയലോഗ് എനിക്കേറെ പ്രിയപ്പെട്ടത്: ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th October 2024, 1:53 pm

ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു നാടോടിക്കാറ്റ്. 1987ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ശോഭന തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.

നാടോടിക്കാറ്റിലൂടെ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ദാസന്‍ – വിജയന്‍ കഥാപാത്രങ്ങള്‍ പില്‍ക്കാലത്ത് ഏറെ പ്രശസ്തമായി. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തേയും ശ്രീനിവാസന്‍ നര്‍മത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു.

നാടോടിക്കാറ്റില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗിനെ കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍. സിനിമയില്‍ മോഹന്‍ലാലുമായുള്ള സീനില്‍ പറഞ്ഞ ഡയലോഗിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

‘എനിക്ക് ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഡയലോഗുണ്ട്. പശു നഷ്ട കച്ചവടമായി ദാരിദ്ര്യത്തിലായി നില്‍ക്കുന്ന സമയമാണ് അത്. അപ്പോള്‍ ഞാന്‍ ഒരു ഡയലോഗ് പറയും. ‘കുറച്ച് തേങ്ങാപ്പിണ്ണാക്ക് ഉണ്ടായിരുന്നത് ഞാനെടുത്ത് തിന്നു’ എന്നതാണ് എന്റെ ഡയലോഗ്.

അതിന് മറുപടിയായി മോഹന്‍ലാല്‍ പറയുന്നത് ‘അതാണ് ഞാന്‍ നോക്കിയപ്പോള്‍ കാണാതിരുന്നത്’ എന്നാണ്. അത് എനിക്ക് ഒരുപാട് ഇഷ്ടമാണ്. സൂപ്പര്‍ ഡയലോഗായിരുന്നു അത്. എനിക്കൊരു കസിന്‍ ഉണ്ടായിരുന്നു. ചെറുപ്പകാലത്ത് അവന്റെ പോക്കറ്റില്‍ എപ്പോഴും തേങ്ങാപ്പിണ്ണാക്ക് ഉണ്ടാകുമായിരുന്നു. കഥ എഴുതുമ്പോള്‍ അത് ഓര്‍മിച്ചു പോയിരുന്നു,’ ശ്രീനിവാസവന്‍ പറഞ്ഞു.

Content Highlight: Sreenivasan Talks About His Fav Dialogue In Nadodikattu Movie