കൃത്യസമയത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ തന്റെ മുന്നിലേക്ക് വന്നതെന്ന് പറയുകയാണ് ശ്രീനാഥ് ഭാസി. ആ ചിത്രത്തിന് മുമ്പ് താന്‍ മറ്റൊരു സിനിമയുമായി ഒരുപാട് തിരക്കിലായിരുന്നുവെന്നും പക്ഷേ ആ സിനിമയില്‍ നിന്ന് തന്നെ മാറ്റുകയായിരുന്നെന്നും താരം പറഞ്ഞു.
ഒരുപാട് പൈസ മുടക്കി ചെയ്യുന്ന പടമായത് കൊണ്ട് അവര്‍ക്ക് തന്നെ നായകനാക്കാന്‍ പേടിയായിരുന്നുവെന്നും ശ്രീനാഥ് ഭാസി പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഈ സിനിമ റൈറ്റ് ടൈമില്‍ തന്നെയാണ് എന്റെ മുന്നിലേക്ക് വരുന്നത്. ഞാന്‍ അപ്പോള്‍ സ്റ്റക്കായ ഒരു സിറ്റുവേഷനിലായിരുന്നു. ആ സമയത്താണ് സുഭാഷ് എന്ന കഥാപാത്രം വരുന്നത്. എന്റെ കൂട്ടുക്കാരുടെ അടുത്തേക്ക് തിരിച്ചു പോകാനും അവരുടെയടുത്ത് സമയം ചെലവഴിക്കാനും കഴിഞ്ഞു.
അതിന് മുമ്പ് ഞാന്‍ എന്റെ സിനിമയുമായി ഒരുപാട് ബിസിയായിരുന്നു. ഞാന്‍ ഇതിനിടയില്‍ ഒരു പ്രൊജക്റ്റ് ആരംഭിച്ചിരുന്നു. പക്ഷേ എന്നെ അതില്‍ നിന്ന് മാറ്റി. ഞാന്‍ ലീഡ് റോളായിരുന്നു ചെയ്യേണ്ടത്. എന്നാല്‍ ഇത്രയും പൈസ വെച്ചുള്ള ഒരു പടം എന്നെ വെച്ച് ചെയ്യാന്‍ അവര്‍ക്ക് പേടിയായിരുന്നു.
എന്റെ അഭിനയം അത്ര കൊള്ളില്ലെന്നൊക്കെ വന്നു പറഞ്ഞിരുന്നു. ഡയറക്ടറും ഡയറക്ടിങ് ടീമും എന്റെ റൂമില്‍ വന്നിട്ടാണ് പറഞ്ഞത്. ഞാന്‍ ആണെങ്കില്‍ എനിക്ക് കുഴപ്പങ്ങളുണ്ട് പേഴ്‌സണല്‍ പ്രശ്‌നങ്ങളിലൂടെയാണ് പോകുന്നതെന്ന് പറഞ്ഞു.
പക്ഷേ ആ പേഴ്‌സണല്‍ പ്രശ്‌നങ്ങളൊക്കെ എന്റെ ജോലിയെ ബാധിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. ഫോണ്‍ വേണമെങ്കില്‍ വണ്ടിയില്‍ വെച്ചിട്ട് പോകാമെന്ന് കരുതി. എല്ലാവരോടും സംസാരിക്കാത്തത് കാരണമാണോ എന്നെ പുറത്താക്കിയതെന്ന് ചിന്തിച്ചു,’ ശ്രീനാഥ് ഭാസി പറഞ്ഞു.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ശ്രീനാഥ് ഭാസിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രമായിട്ടായിരുന്നു ശ്രീനാഥ് ഭാസി എത്തിയത്.
Content Highlight: Sreenath Bhasi Talks About A Movie That Canceled Before Manjummel Boys