Entertainment
പെണ്ണ് കെട്ടി രക്ഷപ്പെടാന്‍ എന്നെ കിട്ടത്തില്ല, പണിയെടുത്ത് ജീവിക്കും; പെര്‍ഫോമന്‍സുകളില്‍ കസറി ചട്ടമ്പി രണ്ടാം ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 21, 08:20 am
Wednesday, 21st September 2022, 1:50 pm

ശ്രീനാഥ് ഭാസി നായകനാകുന്ന ചട്ടമ്പി സിനിമയുടെ രണ്ടാമത്തെ ട്രെയ്‌ലര്‍ റിലീസായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. ശ്രീനാഥ് ഭാസി, ഗ്രേയ്സ് ആന്റണി, സംവിധായകന്‍ അഭിലാഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സസ്‌പെന്‍സ് ത്രില്ലര്‍ ഫീല്‍ തരുന്ന ട്രെയ്‌ലര്‍ പകയും പകപോക്കലുമായാണ് നീങ്ങുന്നതെന്ന സൂചനകളാണ് നല്‍കുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു.

ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ട്രെയ്‌ലറും കാണികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചില ഡയലോഗുകളും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കറിയ ‘പെണ്ണ് കെട്ടി രക്ഷപ്പെടാന്‍ എന്നെ കിട്ടത്തില്ല, പണിയെടുത്ത് ജീവിക്കും, അതാ ശീലം,’ എന്ന് പറയുന്നുണ്ട്.

സെപ്റ്റംബര്‍ 23ന് റിലീസാകുന്ന ചിത്രം അഭിലാഷ് എസ്. കുമാറാണ് സംവിധാനം ചെയ്യുന്നത്. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗി നിര്‍മിച്ച ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്.

ചിത്രത്തില്‍ ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മാതാക്കളായ ചിത്രത്തിന്റെ
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജാണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു, പി.ആര്‍.ഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പി.ആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്.

Content Highlight: Sreenath Bhasi’s new movie Chattambi new trailer