കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ മയക്കുമരുന്ന് കടത്തിയതിന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ പൗരനെ ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയതായി വെളിപ്പെടുത്തല്‍. കസ്റ്റഡിയിലെടുത്ത പ്രതിയെ ചുട്ടുപഴുത്ത ഇരുമ്പുചട്ടിയില്‍ കിടത്തി പൊള്ളിച്ചെന്നാണ് ആരോപണം.
അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയ്ക്ക് മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയ സമയത്താണ് പ്രതി പീഡനവിവരം തുറന്നു പറഞ്ഞത്. ശ്രീലങ്കന്‍ പൗരനായ എല്‍.വി നന്ദനാണ് കസ്റ്റഡിയിലെ പീഡനങ്ങളെപ്പറ്റി കോടതിയോട് വെളിപ്പെടുത്തല്‍ നടത്തിയത്.
തുടര്‍ന്ന് പ്രതിയെ ഉടന്‍ തന്നെ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.ബിജു മേനോന്‍ ഉത്തരവിടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്തപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന്റെ പട്രോളിംഗ് ബോട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ചുട്ടുപൊള്ളുന്ന ചട്ടിയില്‍ തന്നെ മലര്‍ത്തികിടത്തുകയായിരുന്നുവെന്നാണ് നന്ദന പറഞ്ഞത്.
തുടര്‍ന്ന് കോടതി ഇടപെട്ട് പ്രതിയുടെ പുറത്തെ പൊള്ളലിന്റെ ഫോട്ടോയും എടുപ്പിക്കുകയായിരുന്നു. സി.ആര്‍.പി 190 പ്രകാരമുള്ള തുടര്‍നടപടിയ്ക്കായി നന്ദനയെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. അതിനുശേഷം പ്രതിയെ തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക