സെലക്ഷന്‍ കമ്മറ്റിയില്‍ വാദപ്രതിവാദങ്ങള്‍ സ്വാഭാവികം: ശ്രീകാന്ത്
DSport
സെലക്ഷന്‍ കമ്മറ്റിയില്‍ വാദപ്രതിവാദങ്ങള്‍ സ്വാഭാവികം: ശ്രീകാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th December 2012, 12:50 pm

ന്യൂദല്‍ഹി: ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള നിര്‍ദേശം ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ അട്ടിമറിച്ചതായ ആരോപണത്തോട് പ്രതികരിക്കാന്‍ ഇല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനായ കൃഷ്ണമാചാരി ശ്രീകാന്ത്.[]

സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ പല അഭിപ്രായങ്ങളും വരും. അവിടെ വാദപ്രതിവാദങ്ങള്‍ സാധാരണമാണ്. താരങ്ങളുടെ ഫോമിനെക്കുറിച്ചും ഫോമില്ലായ്മയെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന വേദിയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ യോഗം.

അവിടെ ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം തുറന്ന് പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ആ അഭിപ്രായങ്ങളെല്ലാം എല്ലാവര്‍ക്കും യോജിപ്പുള്ളതായിരിക്കണമെന്നില്ല.

സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് നല്ല പ്രവണതയാണെന്ന് തോന്നുന്നില്ല. പറയേണ്ട കാര്യങ്ങള്‍ പറയും അല്ലാത്തവ വെളിപ്പെടുത്തില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

സെലക്ഷന്‍ കമ്മറ്റിയോഗത്തിലെ ചര്‍ച്ചകള്‍ ഒരാള്‍ പിന്നീട് പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നും അമര്‍നാഥിന്റെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ച് ശ്രീകാന്ത് പറഞ്ഞു.

ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റി ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ നിര്‍ദേശം ശ്രീനിവാസന്‍ അട്ടിമറിക്കുകയായിരുന്നെന്നും മുന്‍ സെലക്ടര്‍ കൂടിയായ മൊഹീന്ദര്‍ അമര്‍നാഥ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.