Entertainment
ആ ഹിറ്റ് പാട്ടില്‍ ഞാന്‍ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന് പലരും പറഞ്ഞു; എന്റെ കയ്യും കാലുമൊക്കെ അവര്‍ക്ക് മനസിലാകും: രംഭ

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രംഭ. 1990 – 2000 കാലഘട്ടത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് രംഭ. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറില്‍ എട്ട് ഭാഷകളിലായി 100ലധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നിവയ്ക്ക് പുറമേ ഏതാനും ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് ചിത്രങ്ങളിലും രംഭ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ രംഭ നായികയായി എത്തി ഇന്നും മിക്കവര്‍ക്കും പ്രിയപ്പെട്ട സിനിമയാണ് നിനൈത്തന്‍ വന്തൈ.

വിജയ് നായകനായി എത്തിയ ഈ ചിത്രത്തിലെ ഒരു പാട്ട് സീനിനെ കുറിച്ച് പറയുകയാണ് രംഭ. വണ്ണ നിലവെ എന്ന പാട്ടില്‍ താന്‍ റോപ്പില്‍ ആടുന്ന സീന്‍ ഡ്യൂപ്പാണെന്ന് പലരും പറയാറുണ്ടെന്നും എന്നാല്‍ അത് ഡ്യൂപ്പായിരുന്നില്ലെന്നുമാണ് നടി പറയുന്നത്.

‘വണ്ണ നിലവെ എന്ന പാട്ടും അതിന്റെ സീന്‍ ഷൂട്ട് ചെയ്തതും എനിക്ക് ഇന്നും ഓര്‍മയുണ്ട്. അതില്‍ എന്റെ ഇന്‍ട്രോഡക്ഷന്‍ ആളുകള്‍ ഇന്നും ഓര്‍ക്കുന്നതാണ്. ഒരു റോപ്പില്‍ തൂങ്ങി ആടുന്നതാണ് ആ ഇന്‍ട്രോ. അതില്‍ ഒരിക്കലും ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ പറ്റില്ല.

എന്നിട്ടും പല ഇന്റര്‍വ്യൂവിലും ആളുകള്‍ അത് ഡ്യൂപ്പ് ഷോട്ടാണെന്ന് പറഞ്ഞിരുന്നു. അതിനെ കുറിച്ച് എനിക്ക് പറയണമെന്ന് ആഗ്രഹമുണ്ട്. ആ പാട്ടിന്റെ ഇടയില്‍ ചില ഡ്യൂപ്പ് ഷോട്ടുകള്‍ ഉണ്ടെന്നത് സത്യമാണ്. മുഖം കാണാത്ത ചില പാസിങ് ഷോട്ടില്‍ മാത്രമാണ് ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കുന്നത്.

എന്നാല്‍ എന്റെ ഇന്‍ട്രോ ഷോട്ടില്‍ അങ്ങനെ ആയിരുന്നില്ല. കാരണം എന്റെ കയ്യും കാലുമൊക്കെ ഓഡിയന്‍സിന് മനസിലാകും. ഇന്‍ട്രോ സീന്‍ അല്ലാത്ത ചില ഷോട്ടുകളായിരുന്നു ഡ്യൂപ്പിനെ വെച്ച് ചെയ്തത്. പക്ഷെ അതിലെ ഇന്‍ട്രോ മുഴുവന്‍ ഡ്യൂപ്പിനെ വെച്ചാണ് ചെയ്തതെന്ന മട്ടിലാണ് ആളുകള്‍ സംസാരിക്കുന്നത്,’ രംഭ പറയുന്നു.

നിനൈത്തന്‍ വന്തൈ:

കെ. സെല്‍വ ഭാരതി സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് നിനൈത്തന്‍ വന്തൈ. അല്ലു അരവിന്ദ് നിര്‍മിച്ച ഈ ചിത്രം 1996ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ പെല്ലി സന്ദദിയുടെ തമിഴ് റീമേക്കാണ്.

വിജയ്, രംഭ, ദേവയാനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയില്‍ മണിവണ്ണന്‍, മലേഷ്യ വാസുദേവന്‍, രഞ്ജിത്ത്, സെന്തില്‍, വിനു ചക്രവര്‍ത്തി എന്നിവരും അഭിനയിച്ചിരുന്നു.

Content Highlight: Rambha Talks About Her Intro Scene In A Song