തല്ലുമാല എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആലപ്പുഴ ജിംഖാന എന്ന പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. നസ്‌ലെന്‍, ലുക്മാന്‍ അവറാന്‍, ഗണപതി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
മലയാള സിനിമയെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും ഏറ്റവും ഒടുവില്‍ കണ്ട് ഏറെ ഇഷ്ടപ്പെട്ട ഒരു മലയാള ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് റഹ്‌മാന്‍.
ഏറ്റവും ഒടുവില്‍ തിയേറ്ററില്‍ കണ്ടതില്‍ ഏറെ ഇഷ്ടം തോന്നിയ സിനിമ ഏതാണെന്ന ചോദ്യത്തിന് കിഷ്‌കിന്ധാകാണ്ഡം എന്നായിരുന്നു ഖാലിദ് റഹ്‌മാന്റെ മറുപടി.
‘ ഒടുവില്‍ തിയേറ്ററില്‍ കണ്ടതില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ കിഷ്‌കിന്ധാകാണ്ഡമാണ്. നല്ലൊരു ആമ്പിയന്‍സാണ് ആ സിനിമയിലൂടെ അവര്‍ ഉണ്ടാക്കിയത്.
ആ സിനിമയെ കുറിച്ച് കൃത്യമായ ഒരു വിഷന്‍ അവര്‍ക്കുണ്ടായിരുന്നു. അത് വളരെ നന്നായി അവര്‍ എക്‌സിക്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.
ഓരോ സിനിമയും വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കുന്നവരാണ് മലയാളത്തിലെ ഫിലിം മേക്കേര്‍സ് എന്നും അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഒരു മത്സരം ഇവിടെയുണ്ടെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു.
മത്സരം എല്ലായിടത്തും ഉണ്ട്. മലയാളത്തെ കുറിച്ച് പറയുകയാണെങ്കില്‍ കഴിവുള്ളവര്‍ ഒരുപാടാണ്. ഓരോ ദിവസവും മികച്ചത് ചെയ്താല്‍ മാത്രമേ ഇവിടെ് പിടിച്ചുനില്‍ക്കാന്‍ ആകുള്ളൂ.
മലയാളത്തിലെ പ്രേക്ഷകരെ കുറിച്ച് പറഞ്ഞാല്‍ അവര്‍ ലോക സിനിമ കാണുന്നവരാണ്. എന്റെ ഉമ്മ പോലും ഞങ്ങള്‍ക്കൊപ്പം ഇരുന്ന് ഇറാനിയന്‍ സിനിമകളും കിംകിഡുക്ക് സിനിമകളും കാണുന്നുണ്ട്.
നല്ല സിനിമകള്‍ കാണുക, നല്ല പുസ്തകങ്ങള്‍ വായിക്കുക സാഹിത്യത്തെ കുറിച്ച് സംസാരിക്കുക ഇതൊക്കെ മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അതുകൊണ്ടൊക്കെ ആയിരിക്കാം മലയാളത്തില്‍ നിന്നും നല്ല സിനിമകള്‍ വരുന്നതും,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ഓരോ സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമാകുന്നത് എന്ന് ചോദ്യത്തിന് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്‌തേക്കാമെന്ന് കരുതി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ഖാലിദ് റഹ്‌മാന്റെ മറുപടി.
‘എന്റെ സെറ്റില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കണമെന്ന് എപ്പോഴും തോന്നാറുണ്ട്. ഞാന്‍ മാത്രമല്ല എന്റെ ക്രൂവും ക്യാമറമാനുമൊക്കെ അത്തരത്തില്‍ നില്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
ഒരേ ക്യാമറയും ഒരേ ആംഗിളും ഒക്കെ ആയിരിക്കും. എന്നാലും എന്‍ഡ് പ്രൊഡക്ട് എങ്ങനെ വ്യത്യസ്തമാക്കാം എന്ന് എല്ലായ്‌പ്പോഴും നോക്കാറുണ്ട്.
എല്ലാം ഒരേ പോലെയായാല്‍ അത് ബോറടിക്കും. വ്യത്യസ്ത ആശയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അതാണ് എന്നെ ഒരു തരത്തില്‍ ആവേശ ഭരിതനാക്കുന്നത്. അതാണ് പ്രധാന കാര്യം. എനിക്ക് വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത്, മറ്റാര്‍ക്കും വേണ്ടിയല്ല,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.
Content Highlight:That’s my favorite Malayalam movie I’ve seen in theaters recently says Director Khalid Rahman