Entertainment
ലാലേട്ടന്റെയും മമ്മൂക്കയുടേയും സിനിമകള്‍ കാണുമെന്നല്ലാതെ ആരാധനയുണ്ടായിരുന്നില്ല, എന്നാല്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ അദ്ദേഹം ഫാനാക്കി മാറ്റി: ഷൈനി സാറ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 07:14 am
Wednesday, 2nd April 2025, 12:44 pm

മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഷൈനി സാറ. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയില്‍ അസിസ്റ്റന്റായാണ് ഷൈനി സിനിമ ലോകത്തേക്ക് അരങ്ങേറിയത്. 2016ല്‍ ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഷൈനി അവതരിപ്പിച്ച അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാന്‍ ഷൈനിക്ക് കഴിഞ്ഞു.

തനിക്കിഷ്ടപ്പെട്ട താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഷൈനി സാറ. ചെറുപ്പത്തില്‍ കമല്‍ ഹാസനായിരുന്നു തന്റെ ഫേവറിറ്റ് നടനെന്നും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകള്‍ കാണുമായിരുന്നെങ്കിലും അവരോട് ആരാധന തോന്നിയിട്ടില്ലെന്നും ഷൈനി പറയുന്നു.

ആദ്യമായി ഒരു താരത്തോടൊപ്പം അഭിനയിക്കുന്നത് മമ്മൂട്ടിയുടെ കൂടെ ആണെന്നും അദ്ദേഹത്തിന്റെ അഭിനയം നേരില്‍ കണ്ട് താന്‍ ആരാധികയാണ് മാറിയെന്നും ഷൈനി പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈനി സാറ.

മമ്മൂക്കയുടെ അഭിനയം നേരില്‍ കണ്ട് ഫാനായി മാറിയ ഒരാളാണ് ഞാന്‍ – ഷൈനി സാറ

‘ചെറിയപ്രായത്തില്‍ കമല്‍ ഹാസനായിരുന്നു എന്റെ ഫേവറിറ്റ് നടന്‍. ലാലേട്ടന്റെയും മമ്മൂക്കയുടേയും സിനിമകള്‍ കാണും, ഇഷ്ടമാണ് എന്നല്ലാതെ ആരാധനയൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ആദ്യമായി ഒരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുന്നത് മമ്മൂക്കയ്‌ക്കൊപ്പമാണ്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍. അന്ന് ഞാന്‍ മമ്മൂക്കയുടെ എഫോര്‍ട്ട് നേരിട്ട് കണ്ടു.

നാല് പേജുള്ള ഡയലോഗ് എല്ലാം വളരെ സിംപിളായി പറയുന്നു. മമ്മൂക്കയുടെ അഭിനയം നേരില്‍ കണ്ട് ഫാനായി മാറിയ ഒരാളാണ് ഞാന്‍. പിന്നീട്, എന്ത് കാര്യങ്ങളുണ്ടെങ്കിലും അതിപ്പോള്‍ എന്തുതരം സംശയമാണെങ്കിലും അത് അദ്ദേഹത്തോട് ചോദിക്കാനുള്ള ഫ്രീഡം കിട്ടി.

കാതലില്‍ ഞങ്ങള്‍ രണ്ടുപേരുടെയും സീനില്‍ അദ്ദേഹത്തിന് ഡയലോഗ് ഇല്ലാതിരുന്നിട്ട് കൂടി എന്റെ ഡയലോഗില്‍ ഒരു ഡയലോഗ് മറന്നപ്പോള്‍ അദ്ദേഹം പറഞ്ഞുതന്നു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകളെല്ലാം എന്ത് അടിപൊളിയാണ്. ഓരോ സിനിമകളും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണല്ലോ,’ ഷൈനി സാറ പറയുന്നു.

Content Highlight: Shiny Sarah Talks About Mammootty