IPL
പഞ്ചാബില്‍ ഗെയ്ല്‍ കൊടുങ്കാറ്റ് അടങ്ങി, ഇനി ഒന്നാമന്‍ പ്രഭ്‌സിമ്രാന്‍; തകര്‍പ്പന്‍ നേട്ടവുമായി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 02, 07:14 am
Wednesday, 2nd April 2025, 12:44 pm

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്‌സ് സീസണിലെ രണ്ടാം വിജയം ആഘോഷിച്ചത്. എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

ലഖ്നൗ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു. പ്രഭ്സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, നേഹല്‍ വധേര എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് പഞ്ചാബ് സീസണിലെ രണ്ടാം വിജയവും സ്വന്തമാക്കിയത്.

പ്രഭ്സിമ്രാന്‍ 34 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് 30 പന്തില്‍ പുറത്താകാതെ 52 റണ്‍സും നേഹല്‍ വധേര 25 പന്തില്‍ പുറത്താകാതെ 43 റണ്‍സും സ്വന്തമാക്കി.

ആദ്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 എന്ന നിലയിലായിരുന്നു പഞ്ചാബ് കിങ്‌സ്. ഇതില്‍ 45 റണ്‍സും പിറന്നത് പ്രഭ്‌സിമ്രാന്റെ ബാറ്റില്‍ നിന്നുമായിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. പവര്‍പ്ലേയില്‍ ഏറ്റവുമധികം തവണ 45+ സ്‌കോര്‍ നേടുന്ന താരം എന്ന നേട്ടമാണ് പ്രഭ്‌സിമ്രാന്‍ സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് ആദ്യ ഓവറിനുള്ളില്‍ തന്നെ പ്രഭ്‌സിമ്രാന്‍ 45+ സ്‌കോര്‍ സ്വന്തമാക്കിയത്.

രണ്ട് തവണയാണ് ക്രിസ് ഗെയ്‌ലിന്റെ പേരില്‍ ഈ നേട്ടം കുറിക്കപ്പെട്ടത്. വൃദ്ധിമാന്‍ സാഹയും കെ.എല്‍. രാഹുലും ഓരോ തവണ വീതവും ഈ നേട്ടം സ്വന്തമാക്കി.

ഈ റെക്കോഡില്‍ ഗെയ്‌ലിനെ മറികടന്നെങ്കിലും പഞ്ചാബിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഗെയ്‌ലിനെ മറികടക്കാന്‍ പ്രഭ്‌സിമ്രാന്‍ ഇനിയുമേറെ റണ്ണടിക്കണം. 36 ഇന്നിങ്‌സില്‍ നിന്നും 830 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ സമ്പാദ്യം. 41 ഇന്നിങ്‌സില്‍ നിന്നും 1,339 റണ്‍സ് ക്രിസ് ഗെയ്ല്‍ നേടിയിട്ടുണ്ട്.

അതേസമയം, ലഖ്നൗവിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പഞ്ചാബ് കിങ്സിന് സാധിച്ചു. കളിച്ച രണ്ട് മത്സരത്തിലും ജയിച്ച് നാല് പോയിന്റോടെയാണ് പഞ്ചാബ് രണ്ടാമതെത്തി നില്‍ക്കുന്നത്.

രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് പട്ടികയില്‍ ഒന്നാമത്. റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ആര്‍.സി.ബി ഒന്നാമത് നില്‍ക്കുന്നത്.

ഏപ്രില്‍ അഞ്ചിനാണ് പഞ്ചാബിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

 

Content highlight: IPL 2025: PBKS vs LSG: Prabhsimran Singh surpassed Chris Gayle in a unique record