ബംഗാളിലെ ടെക്‌സ്റ്റ് ബുക്കില്‍ മില്‍ഖാ സിങ്ങിന് പകരം ഫര്‍ഹാന്‍ അക്തര്‍; തെറ്റ് തിരുത്തണമെന്ന് താരം
Movie Day
ബംഗാളിലെ ടെക്‌സ്റ്റ് ബുക്കില്‍ മില്‍ഖാ സിങ്ങിന് പകരം ഫര്‍ഹാന്‍ അക്തര്‍; തെറ്റ് തിരുത്തണമെന്ന് താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th August 2018, 7:06 pm

പശ്ചിമ ബംഗാളില്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ മുന്‍ കായിക താരം മില്‍ഖാ സിങ്ങിന്റെ ചിത്രത്തിന് പകരം ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറിന്റെ ചിത്രം നല്‍കി വിദ്യഭ്യാസ വകുപ്പ്. മില്‍ഖാ സിങ്ങിന്റെ ജീവിതം പറയുന്ന “ഭാഗ് മില്‍ഖ ഭാഗ്” ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തറായിരുന്നു മില്‍ഖാ സിങ്ങിന്റെ വേഷമിട്ടിരുന്നത്. സിനിമയില്‍ നിന്നുള്ള ചിത്രമാണ് പുസ്തകത്തിലേക്ക് അധികൃതരെടുത്തത്.

സംഭവത്തില്‍ സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഫര്‍ഹാന്‍ അക്തര്‍ രംഗത്തെത്തി. ബംഗാള്‍ വിദ്യഭ്യാസ മന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് ഫര്‍ഹാന്‍ ട്വിറ്ററിലെഴുതിയ കുറിപ്പില്‍ വലിയ തെറ്റാണ് സംഭവിച്ചിരിക്കുന്നതെന്നും പുസ്തകം പിന്‍വലിക്കണമെന്നും ഫര്‍ഹാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തെറ്റ് പരിശോധിക്കുമെന്ന് തൃണമൂല്‍ എം.പി ഡെറിക് ഒബ്രേയിന്‍ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ ശ്രദ്ധയില്ലായ്മയെ ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ തന്നെ പാഠപുസ്തകത്തില്‍ ഇങ്ങനെ തെറ്റുവന്നാല്‍ എന്താണ് ചെയ്യുകയെന്നും ഇനി ഇവര്‍ രണ്‍വീര്‍ സിങിനെ അലാവുദ്ദീന്‍ ഖില്‍ജിയും ഹൃതിക് റോഷനെ അക്ബര്‍ രാജാവും ആക്കിക്കളയുമെന്നാണ് ചില കമന്റുകള്‍.

രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത “ഭാഗ് മില്‍ഖ ഭാഗ്” ബോളിവുഡിലെ മികച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങളിലൊന്നാണ്.